ഷാര്‍ലി എബ്ദോ ടീം വീണ്ടും ജോലിയില്‍ സജീവമായി; പുതിയ ലക്കത്തില്‍ മാര്‍പാപ്പയും സര്‍ക്കോസിയും
Wednesday, February 25, 2015 10:12 AM IST
പാരീസ്: ഫ്രഞ്ച് വാരിക ഷാര്‍ലി എബ്ദോയിലെ ജീവനക്കാര്‍ ഓഫീസിലെ കൂട്ടക്കൊല കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ജോലിയില്‍ വീണ്ടും സജീവമായി. ജനുവരി ഏഴിനുണ്ടായ ഭീകരാക്രമണത്തില്‍ 12 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇതില്‍ അഞ്ചു പേര്‍ ഫ്രാന്‍സിലെ ഏറ്റവും പ്രമുഖരായ കാര്‍ട്ടൂണിസ്റുകളായിരുന്നു.

കൂട്ടക്കൊല കഴിഞ്ഞ് അടുത്ത വാരം തന്നെ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരുന്നെങ്കിലും അടുത്ത പതിവ് പതിപ്പ് വൈകി. ചെറിയൊരു ഇടവേള എല്ലാവര്‍ക്കും ആവശ്യമായിരുന്നു എന്നാണ് ചീഫ് എഡിറ്റര്‍ ജെറാര്‍ഡ് ബിയാര്‍ഡിന്റെ തണുപ്പന്‍ മറുപടി.

ഇതിനിടെ പുതിയ ലക്കത്തിന്റെ തയാറെടുപ്പും കഴിഞ്ഞു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുമാണ് മുഖചിത്ര വിഷയമായി എടുത്തിരിക്കുന്നത്. പ്രശസ്ത ഫ്രഞ്ച് കാര്‍ട്ടൂണിസ്റ് റെനാള്‍ഡ് ലൂസിയറാണ് മുഖചിത്രം ഒരുക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍