ഗ്രീസില്‍ നികുതിവെട്ടിപ്പ് തടയാന്‍ പരിഷ്കാരങ്ങള്‍
Monday, February 23, 2015 10:04 AM IST
ഏഥന്‍സ്: നികുതിവെട്ടിപ്പു തടയാനും സിവില്‍ സര്‍വീസ് കൂടുതല്‍ കാര്യക്ഷമമാക്കാനും ഉദ്ദേശിച്ചുള്ള പരിഷ്കാരങ്ങള്‍ അടിയന്തരമായി നടപ്പാക്കുമെന്നു ഗ്രീക്ക് സഹമന്ത്രി നിക്കോസ് പാപ്പാസ്.

സാമ്പത്തികസഹായ പാക്കേജ് ദീര്‍ഘിപ്പിക്കുന്നതിനുള്ള ഉപാധി എന്ന നിലയില്‍ കൂടിയാണ് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത്. ഇതിനുള്ള പാക്കേജ് ഇന്റര്‍നാഷണല്‍ ക്രെഡിറ്റര്‍മാര്‍ക്കു സമര്‍പ്പിക്കും.

ഗ്രീസ് സ്വീകരിക്കുന്ന ഉപാധികള്‍ക്ക് അംഗീകാരം ലഭിച്ചാല്‍ മാത്രമേ നാലു മാസത്തേക്കുള്ള ദീര്‍ഘിപ്പിക്കല്‍ രക്ഷാ പാക്കേജിനു ലഭിക്കൂ. ഗ്രീക്ക് സമ്പദ് വ്യവസ്ഥയെ മയക്കത്തില്‍നിന്ന് ഉണര്‍ത്താന്‍ പര്യാപ്തമായ നിര്‍ദേശങ്ങളാണു മുന്നോട്ടുവയ്ക്കുന്നതെന്നു പാപ്പാസ് അവകാശപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍