കള്ളപ്പണം: എച്ച്എസ്ബിസി ബാങ്കിന്റെ ജനീവ ബ്രാഞ്ചില്‍ സ്വിസ് പോലീസ് റെയ്ഡ്
Wednesday, February 18, 2015 10:04 AM IST
ജനീവ: എച്ച്എസ്ബിസി ബാങ്കിന്റെ സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവ ബ്രാഞ്ചില്‍ സ്വിസ് പോലീസ് റെയ്ഡ് നടത്തി. ഈ ബ്രാഞ്ച് വഴി കള്ളപ്പണം ഒഴുകുന്നുവെന്ന ആരോപണത്തിന്റെ പേരിലാണു റെയ്ഡ്.

ബാങ്കില്‍ കള്ളപ്പണ നിക്ഷേപം നടത്തിയവരുടെ വിവരങ്ങള്‍ തേടിയുള്ള അന്വേഷണമാണ് ആദ്യം നടക്കുന്നത്. ഇവിടെ നിക്ഷേപമുള്ള ഇന്ത്യ ഉള്‍പ്പെടുന്ന 200 രാജ്യങ്ങളിലെ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ നേരത്തേ ചോര്‍ത്തിയത് പുറത്തുവന്നിരുന്നു.

1100 കള്ളപ്പണക്കാരെ കുറിച്ചുള്ള വിവരങ്ങളാണു പട്ടികയിലുള്ളത് എന്നാല്‍ ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉപയോക്താക്കളെ വിലക്കിയതായി എച്ച്എസ്ബിസി ചീഫ് എക്സിക്യൂട്ടീവ് ഫ്രാങ്കോ മോറ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയതിന്റെ പിന്നാലെയാണു റെയ്ഡ്.

എച്ച്എസ്ബിസി ബാങ്ക് അതിസമ്പന്നരെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചു എന്ന ആരോപണമുന്നയിച്ച ഹെര്‍വെ ഫല്‍സിയാനി റവന്യൂ ആന്‍ഡ് കസ്റംസ് വിഭാഗത്തിന് അയച്ച ഇമെയില്‍ സന്ദേശം പുറത്തുവന്നിരുന്നു. 2008 ല്‍ അയച്ച ഇ-മെയില്‍ ഒരു ഫ്രഞ്ച് ദിനപത്രമാണ് ഇപ്പോള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

സ്വിറ്റ്സര്‍ലന്‍ഡില്‍ കള്ളപ്പണം സൂക്ഷിക്കുന്നവരുടെ വിശദാംശങ്ങള്‍ കൈമാറാന്‍ തയാറാണെന്ന് ഇതില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇങ്ങനെയൊരു ഇ-മെയിലിന്റെ റെക്കോര്‍ഡ് തങ്ങളുടെ കൈവശമില്ലെന്നാണ് എച്ച്എസ്ബിസി പറയുന്നത്.

വിവിധ വിദേശ, കോമണ്‍വെല്‍ത്ത് ഓഫീസുകള്‍ക്കും ഒരു വിദേശ സെക്രട്ടറിക്കും ഡേറ്റ കൈമാറാമെന്നു കാണിച്ചും ഫല്‍സിയാനി മെയില്‍ അയച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍