ബര്‍ലിനാലെയില്‍ ഇറേനിയന്‍ ചിത്രത്തിന് ഗോള്‍ഡന്‍ ബെയര്‍
Monday, February 16, 2015 10:14 AM IST
ബര്‍ലിന്‍: ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള ബര്‍ലിനാലെയ്ക്ക് കൊടിയിറങ്ങി. ബര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം വമ്പന്‍മാരെ മറികടന്ന പുതുതലമുറ സ്വന്തമാക്കി. ബ്രിട്ടീഷ് ചിത്രമായ 45 ഇയേഴ്സിനും ഇറേനിയന്‍ സിനിമയായ ടാക്സിക്കുമാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. ഒടുവില്‍ പുരസ്കാരം സ്വന്തമാക്കിയത് ടാക്സിയും.

പ്രശസ്ത ഇറേനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹിയുടേതാണ് ടാക്സി. ഔദ്യോഗിക വിലക്കുകള്‍ മറികടന്ന് അദ്ദേഹം സംവിധാനം ചെയ്ത മൂന്നാമത്തെ ചലച്ചിത്രമാണിത്. വിദേശ സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കപ്പെട്ടിരിക്കുന്ന പനാഹി മേളയില്‍ പങ്കെടുക്കുന്നില്ല. സിനിമയില്‍ ടാക്സി ഡ്രൈവറായി അഭിനയിക്കുന്നതും പനാഹി തന്നെ.

ഇറേനിയന്‍ സാമൂഹ്യ വ്യവസ്ഥകളെക്കുറിച്ചുള്ള പ്രകോപനപരമായ ചര്‍ച്ചകള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാന്തരം റോഡ് മൂവി എന്നാണ് ടാക്സി വിശേഷിപ്പിക്കപ്പെടുന്നത്. പനാഹിക്കായി മരുമകള്‍ ഹന സെയ്ദിയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

ആന്‍ഡ്രൂ ഹെയുടെ 45 ഇയേഴ്സ് സിനിമാസ്വാദകരുടെ വോട്ടെടുപ്പില്‍ ഒന്നാമതെത്തി. ബ്രിട്ടനിലെ ഡെയ്ലി ടെലിഗ്രാഫ് ഈ സിനിമയ്ക്കു നല്‍കിയിരിക്കുന്നത് അഞ്ചില്‍ അഞ്ച് സ്റാര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍