ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ വൈദ്യുതനിലയം ഇന്ത്യയില്‍
Monday, February 16, 2015 8:20 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ വൈദ്യുതനിലയ നിര്‍മാണം ഇന്ത്യയില്‍ അവസാന ഘട്ടത്തിലാണെന്നു വേള്‍ഡ് സൌരോര്‍ജ നിര്‍മാണ ഏജന്‍സി അറിയിച്ചു.

750 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള സൌരോര്‍ജ നിലയം മധ്യപ്രദേശിലെ റേവാ ജില്ലയിലാണു നിര്‍മാണം പൂര്‍ത്തിയായിവരുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്ത് പ്രവര്‍ത്തനം നടത്തുന്ന 550 മെഗാവാട്ട് ശേഷിയുള്ള ഡെസേര്‍ട്ട് സണ്‍ലൈറ്റ് സോളാര്‍ പ്രോജക്ട് ആണു ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ സൌരോര്‍ജ നിലയം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അമേരിക്കയിലെ സൌരോര്‍ജ നിലയത്തെക്കാള്‍ കൂടുതല്‍വൈദ്യുതി മധ്യപ്രദേശിലെ സൌരോര്‍ജ നിലയത്തില്‍നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയും.

ഏകദേശം 1500 ഹെക്ടര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന പ്ളാന്റിന്റെ നിര്‍മാണ ചെലവ് 4000 കോടി രൂപയാണ്. ബിഹാര്‍ സംസ്ഥാനവും ഇന്ത്യന്‍ സോളാര്‍ എനര്‍ജി കോര്‍പ്പറേഷനും സംയുക്തമായാണു വൈദ്യുതനിലയം നിര്‍മിക്കുന്നത്. ഇന്നു ലോകത്തില്‍ നിലവിലുള്ള വൈദ്യുത വിലയെ അമ്പരപ്പിക്കുന്ന തരത്തില്‍ യൂണിറ്റ് ഒന്നിന് അഞ്ചു രൂപ നിരക്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ മധ്യപ്രദേശിലെ സൌരോര്‍ജ നിലയത്തിനു കഴിയും. വേള്‍ഡ് സൌരോര്‍ജ നിര്‍മാണ ഏജന്‍സി ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കിയ ഒരു പത്രക്കുറിപ്പിലാണ് ഇന്ത്യയിലെ പുതിയ സൌരോര്‍ജ വൈദ്യുത നിലയത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടും ലോകത്തിലെ ഏറ്റവും വലിയ ഈ സൌരോര്‍ജ വൈദ്യുതനിലയ നിര്‍മാണത്തില്‍ ഇന്ത്യക്ക് അഭിമാനിക്കാമെന്നും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുവെന്നും പത്രക്കുറിപ്പ് പറയുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍