ലോകംതന്നെ കടക്കെണിയില്‍
Saturday, February 14, 2015 10:36 AM IST
ബര്‍ലിന്‍: കടക്കെണിയെക്കുറിച്ചു കേള്‍ക്കുമ്പോള്‍ ഗ്രീസിനെക്കുറിച്ചും യൂറോസോണിനെക്കുറിച്ചും മാത്രമല്ല ആലോചിക്കേണ്ടത്. ആഗോള സാമ്പത്തിക മാന്ദ്യകാലം തുടങ്ങിയശേഷം ലോകംതന്നെ കടക്കെണിയിലായിരിക്കുന്നു.

57 ട്രില്യന്‍ ഡോളറാണു ലോകത്താകമാനമുള്ള കടം, ഒരാള്‍ക്ക് ശരാശരി 57,000 എന്ന കണക്കില്‍.

കുടുംബങ്ങള്‍ വരുത്തിവച്ചിരിക്കുന്ന വന്‍ കടബാധ്യത അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണു മക്കെന്‍സി ഗ്ളോബല്‍ ഇന്‍സ്റിറ്റ്യൂട്ട് വിലയിരുത്തുന്നത്. 2008ല്‍ ആരംഭിച്ച സാമ്പത്തികമാന്ദ്യം രണ്ടാം യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണു ലോകത്തെ നയിച്ചിരിക്കുന്നത്.

22 വികസിത രാജ്യങ്ങളുടെയും 25 വികസ്വര രാജ്യങ്ങളുടെ മാത്രം കണക്കുകള്‍ പരിശോധിച്ചുള്ള വിലയിരുത്തലാണിത്. കൂടുതല്‍ രാജ്യങ്ങളെ പരിഗണിച്ചാല്‍ ഈ സംഖ്യ ഇനിയും ഉയരുകയേയുള്ളൂ.

നെതര്‍ലന്‍ഡ്സ്, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ക്കു വാര്‍ഷിക സാമ്പത്തിക ഉത്പാദനത്തിന്റെ ആറു മടങ്ങാണു കടം. എന്നാല്‍, വാര്‍ഷിക ഉത്പാദനത്തിന്റെ 2.5 മടങ്ങ് മാത്രം കടമുള്ള ജര്‍മനിയുടെ സ്ഥിതി ഏറെ മെച്ചം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍