യൂറോപ്പിന്റെ മിനി സ്പേസ് ഷട്ടില്‍ തിരിച്ചെത്തി
Thursday, February 12, 2015 10:44 AM IST
ബ്രസല്‍സ്: മിനി സ്പേസ്ഷിപ്പിന്റെ പ്രവര്‍ത്തനമാതൃക യൂറോപ്യന്‍ സ്പേസ് ഏജന്‍സി വിജയകരമായി പരീക്ഷിച്ചു. യുഎസ് സ്പേസ് ഷട്ടിലിന്റെ മാതൃകയിലാണ് ഇതു തയാറാക്കിയിരിക്കുന്നത്. എന്നാല്‍, ഇതിന്റെ നിയന്ത്രണം മനുഷ്യരല്ല, റോബോട്ടാണു നിര്‍വഹിക്കുക എന്നു മാത്രം.

യുഎസ് സ്പേസ് ഷട്ടിലുകളെല്ലാം പ്രവര്‍ത്തനം അവസാനിപ്പിച്ച സാഹചര്യത്തില്‍ റഷ്യയുടെ സോയുസ് മാത്രമാണ് ഇപ്പോള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പോയിവരാനുള്ള മാര്‍ഗം. ഇതിനൊരു ബദല്‍ എന്ന നിലയിലാണു യൂറോപ്പിന്റെ ബഹിരാകാശ വാഹനം വിശേഷിപ്പിക്കപ്പെടുന്നത്.

സൌത്ത് അമേരിക്കയില്‍നിന്ന് വേഗ റോക്കറ്റിലേറിയാണു പുതിയ സ്പേസ് ഷട്ടില്‍ ആദ്യ പറക്കല്‍ നടത്തിയത്. ഉദ്ദേശിച്ചതുപോലെ പസഫിക് സമുദ്രത്തില്‍ തിരിച്ചറിങ്ങുകയും ചെയ്തു. 2020 ഓടെ ഇതിനെ യഥാര്‍ഥ ബഹിരാകാശ യാത്രകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍