ബ്രിട്ടീഷ് വിദ്യാര്‍ഥിസംഘം മാന്നാനം കെഇ സ്കൂള്‍ സന്ദര്‍ശിച്ചു
Thursday, February 12, 2015 10:43 AM IST
ലിവര്‍പൂള്‍: ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍നിന്നെത്തിയ ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ക്കു ബുധനാഴ്ച കളിചിരികളുടെ ദിനം. മലയാളനാടിന്റെ സംസ്കാരവുമായി ഇഴുകിച്ചേര്‍ന്ന അവര്‍ മാന്നാനം കെഇ സ്കൂളിലെ കുട്ടികളുമൊത്തു കളിച്ചും ചിരിച്ചും ഒരു ദിവസം ആഘോഷമാക്കി. കേരള സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ ബുധനാഴ്ച ഉച്ചയോടെ സ്കൂളിലെത്തിയ ലിവര്‍പൂളിലെ കുട്ടികളെ മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് മുല്ലശേരി സിഎംഐയും അധ്യാപകരും ചേര്‍ന്നാണു സ്വീകരിച്ചത്.

22 അംഗ വിദ്യാര്‍ഥി സംഘത്തിന് മലയാളികുട്ടികളുടെ ആതിഥേയ മര്യാദ വിസ്മയമായി. കുറഞ്ഞ സമയത്തിനുള്ളില്‍ കെഇ സ്കൂളിലെ വിദ്യാര്‍ഥികളുമായി അവര്‍ ചങ്ങാത്തത്തിലായി. പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചും പരിചയപ്പെടുത്തിയും അടുപ്പത്തിലായതിനുശേഷം വൈകുന്നേരത്തോടെ ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു. വിദേശികളായ കുട്ടികളോടു ഒപ്പത്തിനൊപ്പം പൊരുതി നിന്ന മലയാളികള്‍ കുട്ടികള്‍ ബുദ്ധിയില്‍ മാത്രമല്ല, കളിയിലും തങ്ങള്‍ ആര്‍ക്കും പിന്നിലല്ലെന്നു കൂടി തെളിയിക്കുകയായിരുന്നു. രണ്ടു ടീമുകളും തമ്മിലുള്ള വാശിയേറിയ മത്സരം അക്ഷരാര്‍ഥത്തില്‍ പുതിയൊരു കൂട്ടായ്മയുടെ വിജയമായി മാറുകയും ചെയ്തു. ആഷിന്‍ സിറ്റി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എംഡിയും ന്യൂകാസില്‍ മലയാളിയുമായ ജിജോ മാധവപ്പള്ളിയുടേയും ബ്രോഡ് ഗ്രീന്‍ സ്കൂളിലെ മൂന്ന് അധ്യാപകരുടെയും നേതൃത്തിലാണു സംഘമെത്തിയത്. ഇന്തോ-ബ്രിട്ടീഷ് കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി തുടര്‍ച്ചയായി ആറാം വര്‍ഷമാണു സംഘം എത്തിയിരിക്കുന്നത്. 25 അംഗ സംഘം 15 ദിവസം കേരളത്തിലുണ്ടാകും.

കോട്ടയം കല്ലറയിലുള്ള സെന്റ് തോമസ് സ്കൂളാണു ബ്രോഡ്ഗ്രീന്‍ സ്കൂളിലെ ഒഫീഷ്യല്‍ പാര്‍ട്ണര്‍. സംഘം സ്കൂള്‍ സന്ദര്‍ശിച്ച് കംപ്യൂട്ടറുകള്‍ അടക്കമുള്ള സാമഗ്രികള്‍ വിതരണം ചെയ്യും. കോട്ടയത്ത് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം സംഘടിപ്പിച്ചിരിക്കുന്ന സെമിനാറിലും സംഘം പങ്കെടുക്കും. കേരളത്തില്‍ ചാരിറ്റി പ്രവര്‍ത്തനം സംഘത്തിനു പദ്ധതിയുണ്ട്. വിദ്യാലയങ്ങള്‍ക്കു പുറമേ ചരിത്രപ്രാധാന്യമുള്ള വിവിധ സ്ഥലങ്ങളും ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും സംഘം സന്ദര്‍ശിക്കും.

കേരളത്തിലെ വിവിധ സ്കൂളുകളില്‍നിന്നു പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ഥികളെ ദത്തെടുക്കാനും പദ്ധതിയുണ്ട്. ഈ വര്‍ഷം തന്നെ ഇതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. ജിജോ മാധവപ്പള്ളിക്കൊപ്പം ലിവര്‍പൂളിലെ സംഘടനാപ്രവര്‍ത്തകനും ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ ഇന്ത്യന്‍ കമ്മ്യുണിറ്റി ഗവേണിംഗ് ബോഡി മെംബറുമായ തോമസ് ജോണ്‍ വാരിക്കാട്ടുമാണു പരിപാടിക്കു നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍