ലൊറെയ്ന്‍ മി ജോ 'മെന്‍സ’യില്‍ അംഗത്വം നേടി : യുകെ മലയാളികള്‍ക്ക് അഭിമാനനേട്ടം
Wednesday, February 11, 2015 10:18 AM IST
ന്യൂകാസില്‍: മുതിര്‍ന്നവര്‍ക്കൊപ്പം ബുദ്ധിശക്തി പരീക്ഷയില്‍ പങ്കെടുത്ത് 'മെന്‍സ'യില്‍ അംഗത്വം നേടി ലണ്ടനില്‍ താമസിക്കുന്ന പതിനൊന്നുകാരി ലൊറെയ്ന്‍ മി ജോ മലയാളികളുടെ യശസുയര്‍ത്തി.

ഹൈ ഐക്യു ടെസ്റില്‍ 98 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയാണു മെന്‍സയില്‍ അംഗത്വം നേടിയത്. വിവിധ വിഷയങ്ങളെ ആധാരമാക്കിയുള്ള പലവിധത്തിലുള്ള ചോദ്യങ്ങള്‍ക്കു പിഴവില്ലാത്ത ഉത്തരങ്ങള്‍ നല്‍കിയ ലൊറെയ്ന്‍ മി ജോ, ജഡ്ജിംഗ് പാനലിന്റെ പ്രശംസ പിടിച്ചുപറ്റി.

ബ്രിട്ടനില്‍ ആകെ 21,000 പേര്‍ക്കു മാത്രമാണ് 'മെന്‍സ'യില്‍ അംഗത്വം ലഭിച്ചിട്ടുള്ളത്. ഇതില്‍ പതിനെട്ടു വയസില്‍ താഴെയുള്ളവര്‍ വളരെ കുറവ്. പതിനൊന്നാം വയസില്‍ അതിബുദ്ധിയുള്ളവരുടെ ഈ ലിസ്റില്‍ ഇടം നേടിയ ലൊറെയ്ന്‍ മി ജോ ആഗോള മലയാളി സമൂഹത്തിന് അഭിമാനമായി.

അതിബുദ്ധിയും അസാമാന്യ വൈദഗ്ധ്യവും പ്രകടിപ്പിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കുന്ന ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനാണു മെന്‍സ. ലോകപ്രശസ്തരായ പണ്ഡിതന്മാര്‍ തയാറാക്കുന്ന അതിസങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി 98 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടുന്നവര്‍ക്കാണു മെന്‍സയില്‍ അംഗത്വം ലഭിക്കുക. പത്തര വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു മാത്രമേ പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ. അതിലും താഴെ പ്രായമുള്ളവര്‍ക്കു പരീക്ഷയില്‍ പങ്കെടുക്കണമെങ്കില്‍ എഡ്യുക്കേഷന്‍ സൈക്യാട്രിക് അസസ്മെന്റ് പാസാകണം. ഈ കടമ്പയില്ലാതെതന്നെ നേരിട്ടു പരീക്ഷയ്ക്കു ഹാജരായി അംഗത്വം നേടിയെന്നതാണു ലൊറെയ്ന്റെ വിജയത്തിനു മാറ്റുകൂട്ടുന്നത്.

രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ടു പരീക്ഷകളില്‍നിന്നാണു ടോപ്പ് 2 ശതമാനം മാത്രമുള്ള അതിബുദ്ധിശാലികളെ തെരഞ്ഞെടുക്കുന്നത്.

അതിബുദ്ധിശാലികളുടെ വൈദഗ്ധ്യം സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കുക എന്നതാണ് 'മെന്‍സ' എന്ന സംഘടനയുടെ പ്രവര്‍ത്തന ലക്ഷ്യം. അംഗത്വം നേടിയ ബുദ്ധിശാലികള്‍ക്കു പരസ്പരം ആശയ വിനിമയത്തിന് അവസരമൊരുക്കി വലിയ നേട്ടങ്ങള്‍ക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നതാണു മെന്‍സയുടെ രീതി. ഇവരുടെ സംവാദങ്ങളിലും ചര്‍ച്ചകളിലും ഉരുത്തിരിയുന്ന വലിയ ആശയങ്ങള്‍ ലോകത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കാന്‍ മെന്‍സ വേദിയൊരുക്കും. മെന്‍സയിലെ അംഗത്വം ലൊറെയ്ന്‍ മി ജോണിനു ലഭിക്കുമ്പോള്‍ ലോകനന്മയ്ക്കായി ഒരു പെണ്‍കുട്ടി മലയാളികളെ പ്രതിനിധീകരിച്ച് രംഗത്തിറങ്ങുന്നു എന്ന സവിശേഷതയുണ്ട്. ലണ്ടനില്‍ സോളിസിറ്ററായ പോള്‍ ജോ-മാലിനി ദമ്പതികളുടെ മകളാണ് ലൊറെയ്ന്‍.

പ്രൈവറ്റ് സ്കൂള്‍ എന്‍ട്രന്‍സ് എക്സാമിനൊപ്പം വെറുതെയൊരു കുസൃതിക്കാണു മെന്‍സ എക്സാമിനു രജിസ്റര്‍ ചെയ്തത്. 'ലോകപ്രശസ്തരോടൊപ്പം ലൊറെയ്ന് അംഗത്വം ലഭിച്ചതില്‍ അഭിമാനിക്കുന്നു' മകളുടെ നേട്ടത്തെക്കുറിച്ച് പോള്‍ ജോ പറഞ്ഞു. മെന്‍സ പരീക്ഷയില്‍ ഇത്തവണ പങ്കെടുത്തവരെല്ലാം മുതിര്‍ന്നവരായിരുന്നു. പതിനൊന്നു വയസുള്ള ഒരേയൊരു കാന്‍ഡിഡേറ്റ് ലൊറെയ്ന്‍ മാത്രമായിരുന്നു.

എക്സാമില്‍ പങ്കെടുക്കുമ്പോള്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ലെങ്കിലും അംഗത്വത്തിനു ക്ഷണം ലഭിച്ചപ്പോള്‍ സന്തോഷം തോന്നിയെന്നു ലൊറെയ്ന്‍ പറയുന്നു. മെന്‍സയിലെ അംഗത്വം ലൊറെയ്ന്റെ വലിയ പദ്ധതികള്‍ക്കു വേഗം വര്‍ധിപ്പിച്ചുവെന്നു പറയാം. ദിനോസറുകളെക്കുറിച്ചു ഗവേഷണം നടത്തണം എന്ന ആഗ്രഹത്തിലേക്കുള്ള യാത്രയിലാണ് ലൊറെയ്ന്‍. ദിനോസറുകളുടെ ലോകം വലുതാണെന്നും അതേക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയെന്നും ലൊറെയ്ന്‍ പറഞ്ഞു. അതൊരു വെറുംവാക്കല്ല. ദിനോസറുകളുടെ കാലപ്പഴക്കത്തെക്കുറിച്ചും അവയുടെ ഭീമാകാരത്തെക്കുറിച്ചും ഒട്ടേറെ വിവരങ്ങള്‍ ശേഖരിച്ചു വച്ചിട്ടുണ്ടു ലൊറെയ്ന്‍. ലൊറെയ്ന്റെ പരീക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും പൂര്‍ണ പിന്തുണയുമായി മാതാപിതാക്കള്‍ കൂടെയുണ്ട്.

എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് സ്വദേശിയാണു പോള്‍ ജോ.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍