എച്ച്എസ്ബിസി നികുതിവെട്ടിപ്പുകാരെ സഹായിച്ചെന്ന് ആരോപണം
Wednesday, February 11, 2015 10:11 AM IST
ജനീവ: യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായ എച്ച്എസ്ബിസി കള്ളപ്പണക്കാരെയും നികുതിവെട്ടിപ്പുകാരെയും തങ്ങളുടെ സ്വിസ് ശാഖകള്‍ വഴി സഹായിച്ചെന്ന് ആരോപണം.

ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഫല്‍സിയാനി മോഷ്ടിച്ച് പുറത്തുവിട്ട പല വിവരങ്ങളും ആരോപണങ്ങള്‍ക്കു ശക്തി പകരുന്നു. ഇതിനൊപ്പം, ഇന്ത്യന്‍ കോടീശ്വരന്‍മാരായ മുകേഷ് അംബാനിയും അനില്‍ അംബാനിയും അടക്കമുള്ളവര്‍ക്കും എച്ച്എസ്ബിസിയുടെ സ്വിസ് ശാഖകളില്‍ രഹസ്യ നിക്ഷേപങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ടുകള്‍ വന്നു.

ലോകവ്യാപകമായി 2.5 ലക്ഷത്തോളം ജീവനക്കാരുള്ള ബാങ്കാണ് എച്ച്എസ്ബിസി. 200 ബില്യന്‍ ഡോളറാണ് ഇവരുടെ വിപണിവിഹിതം. ലോകത്തെ ഏറ്റവും വലിയ പരസ്യദാതാക്കളിലൊന്നുമാണു സ്ഥാപനം.

ബാങ്കിന്റെ സഹായത്തോടെ കള്ളപ്പണം വെളുപ്പിച്ച ചിലര്‍ ഇതു ഭീകര പ്രവര്‍ത്തനത്തിനും മയക്കുമരുന്നു കടത്തിനുമൊക്കെ ഉപയോഗിച്ചതായി വിവരങ്ങള്‍ പുറത്തുവരുന്നു.

ഒസാമ ബിന്‍ ലാദനു ധനസഹായം നല്‍കി വന്നിരുന്നതായി 2001 മുതല്‍ സംശയിക്കപ്പെട്ട സൌദി അറേബ്യന്‍ വ്യവസായികള്‍ക്ക് 2006 വരെ ബാങ്ക് സഹായം നല്‍കിയിരുന്നു എന്നാണു വ്യക്തമാകുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍