സ്റീവനേജില്‍ പി.വി. മാത്യുവിനു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; സംസ്കാരം ഫെബ്രുവരി 11നു മുട്ടുചിറയില്‍
Tuesday, February 10, 2015 8:14 AM IST
സ്റീവനേജ് : സ്റീവനേജില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായ പ്രാക്കുഴിയില്‍ മാത്യുവിന് (കൊച്ചേട്ടന്‍) കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ബെഡ്വെല്‍ ക്രസന്റിലുള്ള സെന്റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തില്‍ നടന്ന അന്തിമോപചാര ചടങ്ങുകളില്‍ ബ്ളാന്‍ഫോര്‍ഡ് ആര്‍സി ചര്‍ച്ച് വികാരി ഫാ. ചാക്കോ പനത്തറ, ഫാ. ജോര്‍ജ് മാമ്പള്ളില്‍ എംഎസ്ടി എന്നിവര്‍ വിശുദ്ധ ബലിയിലും ശുശ്രൂഷകളിലും കാര്‍മികത്വം വഹിച്ചു. സമാപന വിടവാങ്ങല്‍ ശുശ്രൂഷയ്ക്കും ഒപ്പീസിനും അവയവദാനത്തിന്റെ പുണ്യസന്ദേശ ദൂതനായ ഫാ. ഡേവിഡ് ചിറമ്മല്‍ നേതൃത്വം വഹിച്ചു.

പരേതനെ അവസാനമായി ഒരുനോക്കു കാണുന്നതിനും ആദരാഞ്ജലി അര്‍പ്പിക്കുന്നതിനും യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി യുക്മ പ്രസിഡന്റ് ഫാന്‍സിസ് മാത്യു അടക്കം നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. യുക്മ, സര്‍ഗം സ്റീവനേജ് മലയാളി അസോസിയേഷന്‍, കേരള ഫാമിലി ക്ളബ്, സ്റീവനേജ് കേരള കാത്തലിക് കമ്യൂണിട്ടി, മുട്ടുചിറ സംഗമം, വെയില്‍സ് മലയാളി കമ്യൂണിട്ടി എന്നിവയ്ക്കുവേണ്ടി പ്രത്യേകം റീത്തുകള്‍ സമര്‍പ്പിച്ചു.

ശുശ്രൂഷകള്‍ക്കുശേഷം മൃതദേഹം ഫ്യൂണറല്‍ ഏജന്‍സിക്ക് കൈമാറി. രാവിലെ ലണ്ടന്‍ ഹീത്രുവില്‍നിന്നും പുറപ്പെട്ടു ബുധനാഴ്ച രാവിലെ നെടുമ്പാശേരിയില്‍ എത്തിച്ചേരുന്ന മൃതദേഹം കാപ്പുന്തലയിലുള്ള സ്വവസതിയില്‍ എത്തിച്ച്, വൈകുന്നേരം നാലിനു ശുശ്രൂഷകള്‍ക്കുശേഷം മുട്ടുചിറ സെന്റ് ഗോസ്റ് ഫൊറോന പള്ളിയില്‍ സംസ്കരിക്കും.

വിശദ വിവരങ്ങള്‍ക്ക്: 00919846420731.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ