മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് ജര്‍മനിയില്‍ സ്വീകരണം നല്‍കി
Monday, February 9, 2015 10:17 AM IST
കൊളോണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത്വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് ജര്‍മനിയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

ഫെബ്രുവരി എട്ടിന് (ഞായര്‍) രാവിലെ 9.30ന് ബോണിലെ പീട്രൂസ് ആശുപത്രി പാരിഷ് ഹാളില്‍ ഇടവക ഭരണ സമിതിയംഗങ്ങളും വിശ്വാസികളും ചേര്‍ന്നു വിപുലമായ പരിപാടികളോടെ മെത്രാപ്പോലീത്തായെ വരവേറ്റു.

തുടര്‍ന്ന് 10 ന് തിരുമേനിയുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സമൂഹവിരുന്നിനു ശേഷം ഇടവകയുടെ അനുമോദന സമ്മേളനം ഇടവക സെക്രട്ടറി ജോണ്‍ കൊച്ചുകണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.

വിശ്വാസ പാരമ്പര്യവും പൈതൃകവും കെടാതെ സൂക്ഷിച്ച് വരും തലമുറകള്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ നമ്മള്‍ കടപ്പെട്ടവരാണെന്ന് അനുഗ്രഹപ്രഭാഷണത്തിലൂടെ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.

മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തതിനുശേഷം ആദ്യമായി ജര്‍മനിയിലെ സഭാമക്കളെ സന്ദര്‍ശിക്കാനെത്തിയ തിരുമേനിക്ക് മാത്യു കാക്കനാട്ടുപറമ്പില്‍, ജേക്കബ് ദാനിയേല്‍, കെ.വി. തോമസ്, ബോസ് പത്തിച്ചേരില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍