ജര്‍മന്‍-ഗ്രീക്ക് ധനമന്ത്രിമാരുടെ ചര്‍ച്ച വിഫലം
Saturday, February 7, 2015 6:12 AM IST
ബര്‍ലിന്‍: ജര്‍മന്‍ ധനമന്ത്രി വോള്‍ഫ്ഗാങ് ഷൊയ്ബ്ളെ സന്ദര്‍ശിച്ച് ഗ്രീസിന്റെ പുതിയ ധനമന്ത്രി യാനിസ് വരോഫാകിസ് നടത്തിയ ചര്‍ച്ച വിഫലമായെന്നു സൂചന. ഗ്രീസ് മുന്നോട്ടുവയ്ക്കുന്ന നയ പരിപാടികളില്‍ പലതും സംശയാസ്പദമെന്നു ഷൊയ്ബ്ളിെന്റെ പ്രതികരണം.

എന്നാല്‍, കഴിഞ്ഞ ദിവംസം യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി മരിയോ ദ്രാഗിയുമായി നടത്തിയ ചര്‍ച്ച വളരെ ഫലപ്രദമായിരുന്നു എന്നാണു വരോഫാകിസ് പറഞ്ഞിരുന്നത്. എന്നാല്‍, ഷൊയ്ബ്ളുെമായി നടത്തിയ ചര്‍ച്ചയില്‍, പല ഘടകങ്ങളെക്കുറിച്ചും അഭിപ്രായ സമന്വയത്തിലെത്താന്‍ സാധിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വര്‍ഷങ്ങളായി തുടരുന്ന സാമ്പത്തികപ്രതിസന്ധിയില്‍നിന്നു ഗ്രീസിനെ കരകയറ്റാന്‍ ജര്‍മനിയുടെ സഹായം അനിവാര്യമാണെന്നു വരോഫാകിസ്. ഗ്രീസിന്റെ കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളണമെന്നു വരെ വരോഫാകിസ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

കടങ്ങള്‍ എഴുതിത്തള്ളുന്നത് ഇപ്പോള്‍ പരിഗണിക്കാന്‍ പറ്റിയ വിഷയമല്ലെന്ന് ഇരു നേതാക്കളും സമ്മതിച്ചു. കടം വെട്ടിക്കുറയ്ക്കുന്നതും തത്കാലം ആലോചിക്കുന്നില്ലെന്നു ഷൊയ്ബ്ളെയും പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍