സിസ്റര്‍ മീനയ്ക്കു ഭവനമൊരുങ്ങി; നിത്യാരാധനയ്ക്കു തിങ്കളാഴ്ച തുടക്കം
Friday, February 6, 2015 7:33 AM IST
ബ്രാഡ്ഫോര്‍ഡ്: യുകെ മലയാളികള്‍ക്കു പരിചിതമായ വ്യക്തിയാണു ഡോ. സിസ്റര്‍ മീന. മാതൃതുല്യമായ വാത്സല്യത്തോടെ ഏവരെയും സ്വീകരിക്കുന്ന സിസ്റര്‍ മീന സെഹിയോന്‍ യുകെയുടെ സജീവ പ്രവര്‍ത്തകയാണ്.

നാല്‍പ്പതു വര്‍ഷത്തിലധികം യുകെയില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ച എംഎസ്ജെ സഭാംഗമായ ഡോ. സിസ്റര്‍ മീന ഔദ്യോഗിക ജോലിയില്‍നിന്നു വിരമിച്ചതിനുശേഷം സെഹിയോന്‍ യുകെയുടെ സജീവ സാന്നിധ്യമാണ്.

കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ഏവരെയും നിറമന്ദഹാസത്തോടെ സ്വീകരിക്കുകയും ഏതു കുടുംബപ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതുവരെ ത്യാഗപ്രാര്‍ഥനകള്‍ നടത്തുകയും ചെയ്യുന്ന സിസ്റര്‍ മീനയ്ക്കു ബര്‍മിംഗ്ഹാം അതിരൂപത സേക്രഡ് ഹാര്‍ട്ട് ആന്‍ഡ് സെന്റ് മാര്‍ഗരറ്റ് മേരി ചര്‍ച്ചിന്റെ വൈദികമന്ദിരം ആത്മീയ ശുശ്രൂഷകള്‍ക്കായി നല്‍കി.

ബര്‍മിംഗ്ഹാം അതിരൂപത ചാപ്ളെയിന്‍സിയില്‍നിന്നു ഫാ. സോജി ഓലിക്കന്‍ സ്ഥാനമൊഴിയുന്നതോടെ ബര്‍മിംഗ്ഹാം അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെഹിയോന്‍ യുകെയുടെ പ്രവര്‍ത്തനങ്ങള്‍ക്കു തീക്ഷ്ണതയേറുവാനും പരിശുദ്ധാത്മാഭിഷേകത്താല്‍ ദൈവികവചനങ്ങള്‍ സ്വാംശീകരിക്കുവാനും സേക്രഡ് ഹാര്‍ട്ട് ആന്‍ഡ് സെന്റ് മാര്‍ഗരറ്റ് ദേവാലയത്തില്‍ സിസ്റര്‍ മീനയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും നിത്യാരാധന നടക്കും.

ബര്‍മിംഗ്ഹാം അതിരൂപത നല്‍കിയ മന്ദിരത്തിനു നന്ദി പ്രകാശിക്കുന്നതിനും രണ്ടാം ശനിയാഴ്ചയുടെ ഒരുക്കശുശ്രൂഷയും മന്ദിരത്തിന്റെ വെഞ്ചരിപ്പു കര്‍മ്മവും ഫാ. സോജി ഓലിക്കലിന്റെ കാര്‍മികത്വത്തില്‍ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ 9.30 വരെ നടക്കും. തുടര്‍ന്ന് 365 ദിവസവും നിത്യാരാധന ഉണ്ടായിരിക്കും. നിത്യാരാധനയുടെ പൂര്‍ണ ചുമതല സിസ്റര്‍ മീനക്കാണ്. താമസസൌകര്യം ലഭ്യമാണ്.

റിപ്പോര്‍ട്ട്: സക്കറിയ പുത്തന്‍കളം