കൊളോണില്‍ സമര്‍പ്പിതവര്‍ഷാചരണത്തിന് തുടക്കമായി
Wednesday, February 4, 2015 10:09 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ സമര്‍പ്പിത വര്‍ഷാചരണത്തിന്റെ തുടക്കവും ചാവറയച്ചനേയും എവുപ്രാസ്യമ്മയേയും ഭാരതസഭയ്ക്കു വിശുദ്ധരായി ലഭിച്ചതിന്റെ നന്ദി സൂചകമായുള്ള കൃതജ്ഞതാബലിയും നടത്തി.

പുതുവര്‍ഷത്തിലെ ജനുവരി 18 ന്(ഞായര്‍) വൈകുന്നേരം നാലിന് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ജര്‍മനിയിലെ സിഎംഐ സഭയുടെ കോഓര്‍ഡിനേറ്റര്‍ ഫാ.ജോര്‍ജുകുട്ടി കുറ്റിയാനിക്കല്‍ മുഖ്യകാര്‍മികനായിരുന്നു. സിഎംഐ സഭാഗംങ്ങളായ ഫാ.ജോബി തുറയ്ക്കല്‍, ഫാ.ജോസ് വടക്കേക്കര, ഫാ.സേവി മാടപ്പിള്ളി, ഫാ.പൌലോസ് കളപ്പുരയ്ക്കല്‍, ഫാ.തോമസ് ചാലില്‍, ഫാ.ഷാജന്‍ കപ്യാരുമല, ഫാ.ജേക്കബ് ആലയ്ക്കല്‍, ഫാ.ജോണ്‍ നമ്പ്യാപറമ്പില്‍, കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ലുവൈന്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുന്ന ഫാ. ജോബി വിശുദ്ധരുടെ ജീവിതത്തെ അധികരിച്ച് വചന സന്ദേശം നല്‍കി. യൂത്ത്കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തസാന്ദ്രമാക്കി. ദിവ്യബലിമധ്യേ നവദമ്പതികളും ജൂബിലേറിയന്മാരും അള്‍ത്താരയില്‍ കത്തിച്ച മെഴുകുതിരികള്‍ സ്വയം പ്രതിഷ്ഠിച്ച് ജീവിതത്തെ ദൈവത്തിന് സമര്‍പ്പിച്ച് പ്രത്യേക പ്രാര്‍ഥന നടത്തി. ജിം, റിയാ വടക്കിനേത്ത്, നോയല്‍ കോയിക്കേരില്‍, ജെന്‍സ് കുമ്പിളുവേലില്‍, വര്‍ഗീസ് ശ്രാമ്പിക്കല്‍ എന്നിവര്‍ ദിവ്യബലിയില്‍ ശുശ്രൂഷികളായി.

ദിവ്യബലിക്കു മുമ്പായി ഫാ.ജോര്‍ജുകുട്ടി കുറ്റിയാനിക്കല്‍ സിഎംഐ, സിസ്റര്‍ കമീല എംഎസ്എംഐ, സിസ്റര്‍ മെര്‍ലിന്‍ എസ്എച്ച്, സിസ്റര്‍ പ്രോബസ് എഫ്സിസി, സിസ്റര്‍ സുമ ഡിഎസ്ടി എന്നിവര്‍ ചേര്‍ന്ന് കമ്യൂണിറ്റിയിലെ സമര്‍പ്പിത വര്‍ഷാചരണത്തിന്റെ തുടക്കം കുറിച്ച് ഭദ്രദീപം തെളിച്ചു.

ദിവ്യബലിക്കു ശേഷം നവദമ്പതികള്‍ക്കും വിവാഹത്തിന്റെ ജൂബിലിയാഘോഷിക്കുന്ന (30,35,40,45) ദമ്പതിമാര്‍ക്കും വ്രതവാഗ്ദാനത്തിന്റെ ഇരുപത്തിയഞ്ചു വര്‍ഷം ആഘോഷിക്കുന്ന ജൂബിലേറിയന്മാര്‍ക്കും ഇഗ്നേഷ്യസച്ചന്‍ വെള്ള റോസാപുഷ്പം നല്‍കി ആദരിക്കുകയും ഒപ്പം അനുമോദിക്കുകയും ചെയ്തു.

സിഎംഐ സഭയ്ക്കുവേണ്ടി ഫാ.ജോസ് വടക്കേക്കരയുടെ നേതൃത്വത്തില്‍ ജര്‍മനിയിലെ സഭാംഗങ്ങള്‍ തയാറാക്കിയ വിശുദ്ധ ചാവറയച്ചന്റെ പ്രത്യേക സ്റാമ്പിന്റെ പ്രകാശനം തദവസരത്തില്‍ ഫാ.ജോര്‍ജ്കുട്ടി കുറ്റിയാനിക്കല്‍ നിര്‍വഹിച്ചു. ജര്‍മന്‍ പോസ്റല്‍ വകുപ്പിന്റെ അനുവാദപ്രകാരം 62 സെന്റ് വിലയുള്ള 10,000 സ്റാമ്പുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

പാരീഷ്ഹാളില്‍ കാപ്പി സല്‍ക്കാരവും ഉണ്ടായിരുന്നു. തുടര്‍ന്ന് എത്നിക് ട്യൂണ്‍സിന്റെ ഗാനമേളയും അരങ്ങേറി.

പരിപാടികള്‍ക്ക് കമ്യൂണിറ്റിയുടെ കോഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, കമ്മിറ്റിയംഗങ്ങളായ മേഴ്സി തടത്തില്‍ (സെക്രട്ടറി), ബെന്നിച്ചന്‍ കോലത്ത്, സാബു കോയിക്കേരില്‍, ഷീബ കല്ലറയ്ക്കല്‍, ആന്റോ സഖറിയാ എന്നിവര്‍ നേതൃത്വം നല്‍കി.

ജര്‍മനിയിലെ എസന്‍, ആഹന്‍, കൊളോണ്‍ എന്നീ രൂപതകളിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ സമൂഹം സ്ഥാപിതമായിട്ട് നാല്‍പ്പത്തിനാല് വര്‍ഷമായി. ആഗോള കത്തോലിക്കാ സഭയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച സമര്‍പ്പിതവര്‍ഷം 2014 നവംബര്‍ 30 മുതല്‍ 2016 ഫെബ്രുവരി രണ്ടു വരെയാണ് ആചരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍