വിദേശത്തുപോയി ഭീകര പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരേ ജര്‍മനി പുതിയ നിയമം നിര്‍മിക്കുന്നു
Wednesday, February 4, 2015 10:08 AM IST
ബര്‍ലിന്‍: വിദേശത്തു പോയി ഭീകര പ്രവര്‍ത്തനം നടത്തുന്ന പ്രവണത അവസാനിപ്പിക്കാന്‍ ജര്‍മനി നിയമ നിര്‍മാണം നടത്തും. നിരവധി ജര്‍മന്‍ പൌരന്‍മാര്‍ സിറിയയിലും ഇറാക്കിലും പോയി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.

ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനോ അവ ആസൂത്രണം ചെയ്യുന്നതിനോ അതിനായി തയാറെടുക്കുന്നതിനോ വിദേശത്തു പോകുകയോ, പോകാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ശിക്ഷിക്കാന്‍ സാധിക്കുന്ന തരത്തിലാണ് നിയമം വിഭാവനം ചെയ്യുന്നത്.

കരട് നിയമത്തില്‍ ഭേദഗതിയൊന്നുമില്ലാതെ തന്നെ സര്‍ക്കാര്‍ ഇത് അംഗീകരിക്കുമെന്നാണ് സൂചന. ജര്‍മനിയെ കൂടുതല്‍ സുരക്ഷിതമാക്കുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് നിയമകാര്യ മന്ത്രി ഹെയ്കോ മാസ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍