മൂന്ന് പേരില്‍നിന്ന് ഒരു കുട്ടി: നിയമ ഭേദഗതിക്ക് ബ്രിട്ടന്‍ എംപിമാര്‍
Wednesday, February 4, 2015 10:04 AM IST
ലണ്ടന്‍: മൂന്നു പേരില്‍നിന്നെടുക്കുന്ന ഡിഎന്‍എ ഉപയോഗിച്ച് ഒരു കുട്ടിയെ ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് അനുമതി നല്‍കുന്ന വിഷയം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടിനിടുമ്പോള്‍ ഏകപക്ഷീയമായി പിന്താങ്ങാനാണ് എംപിമാരുടെ തീരുമാനം. അമ്മമാരില്‍നിന്ന് കുട്ടികളിലേക്ക് മാരകമായ ജനിതക രോഗങ്ങള്‍ പടരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാര്‍ഗം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഇക്കാര്യത്തില്‍ എംപിമാര്‍ക്ക് പാര്‍ട്ടിയുടെ നിലപാട് നോക്കാതെ സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ അനുമതിയും നല്‍കിയിരിക്കുന്നു. പാസായാല്‍ ഇത്തരമൊരു നിയമം നടപ്പാക്കുന്ന ആദ്യത്തെ ലോകരാജ്യമാകും ബ്രിട്ടന്‍. വര്‍ഷം 150 ദമ്പതികള്‍കള്‍ക്കു മാത്രം ഈ സാങ്കേതിക വിദ്യയുടെ സഹായം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

ഹൌസ് ഓഫ് കോമണ്‍സില്‍ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ അടുത്ത വര്‍ഷം ആദ്യം ഇത്തരത്തില്‍ ആദ്യത്തെ കുട്ടി ജനിക്കും. എന്നാല്‍, ധാര്‍മിക പ്രശ്നങ്ങള്‍ ഉന്നയിച്ച് ക്രൈസ്തവ സഭ ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍