തുര്‍ക്കിക്കാര്‍ക്ക് അനുകൂലമായ കോടതി വിധി: ജര്‍മനി കുടിയേറ്റ നിയമ പരിഷ്കരണത്തിനു നിര്‍ബന്ധിതമായേക്കും
Tuesday, February 3, 2015 10:04 AM IST
ബര്‍ലിന്‍: ജര്‍മന്‍കാരായ ജീവിതപങ്കാളികള്‍ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്ന തുര്‍ക്കിക്കാരെ ഭാഷാ പരിജ്ഞാനം അളക്കുന്ന ടെസ്റിനു നിര്‍ബന്ധിക്കരുതെന്ന കോടതിവിധി നിര്‍ണായകമാകുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ ജര്‍മനി കുടിയേറ്റ നിയമത്തില്‍ പരിഷ്കരണം നടത്താന്‍ നിര്‍ബന്ധിതമാകുമെന്നാണു വിലയിരുത്തല്‍.

യൂറോപ്യന്‍ നിയമമനുസരിച്ചുള്ള ഭാഷാപരിജ്ഞാന പരിശോധനയ്ക്കു ജര്‍മന്‍കാരുടെ തുര്‍ക്കിക്കാരായ ബന്ധുക്കളെ നിര്‍ബന്ധിതരാക്കുന്ന നിയമം കോടതി റദ്ദാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിയമം പൂര്‍ണമായി പൊളിച്ചെഴുതണം എന്നതാണ് അവസ്ഥ.

കുടിയേറ്റം നിയന്ത്രിക്കുകയാണു ലക്ഷ്യമെന്ന് ഇപ്പോഴുള്ള നിയമത്തിന്റെ ആദ്യ വരിയില്‍ത്തന്നെ വ്യക്തമാക്കുന്നു. 2007ല്‍ ജര്‍മനി പാസാക്കിയ ഈ നിയമം അനുവദിക്കാവുന്നതല്ലെന്നു കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ കോടതിയും വിലയിരുത്തിയിരുന്നതാണ്.

1980ല്‍ അന്നത്തെ യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റിയും തുര്‍ക്കിയും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരം തുര്‍ക്കിക്കാര്‍ക്കു യൂറോപ്യന്‍ രാജ്യങ്ങളില്‍ സഞ്ചാരസ്വാതന്ത്യ്രം നിരോധിക്കാന്‍ പാടില്ല. ഈ കരാറിന്റെ അടിസ്ഥാനത്തിലാണു ജര്‍മനിയുടെ നിയമം നിരാകരിക്കപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍