ലോകത്തെ ഏറ്റവും ആദരണീയ വനിത ആഞ്ജലീന ജോളി
Monday, February 2, 2015 9:50 AM IST
ബര്‍ലിന്‍: ലോകത്തെ ഏറ്റവും ആദരണീയ വനിതകളുടെ പട്ടികയില്‍ ഒന്നാമതായി പ്രശസ്ത ഹോളിവുഡ് നടിയും ജീവകാരുണ്യപ്രവര്‍ത്തകയുമായ ആഞ്ജലീന ജോളി സ്ഥാനം പിടിച്ചു.

ഹോളിവുഡിലെ ഏറ്റവും വിലകൂടിയ നടിയെന്ന നിലയില്‍ സിനിമാലോകത്തെ ആരാധനാപാത്രമായ ആഞ്ജലീന സ്വന്തം കുട്ടികള്‍ക്കൊപ്പം മറ്റുള്ള കുട്ടികളെ ദത്തെടുക്കുക, അവരെ വളര്‍ത്തുക, യുദ്ധമേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലാണ്.

ഹോളിവുഡിലെ ഒരു നടി എന്ന വിശേഷണത്തിനു പുറമേ സിനിമാ സംവിധാനവും സ്വായത്തമാക്കിയ ആഞ്ജലീന ഒരുത്തമ
കുടുംബിനിയെന്ന നിലയിലും ആരാധനാവിസ്മയമാണ്.

അന്താരാഷ്ട്ര വിപണിഗവേഷണ സ്ഥാപനമായ യൂ ഗവ് നടത്തിയ സര്‍വേയിലാണു യുഎന്നിന്റെ പ്രത്യേക സന്ദേശവാഹകയായ ആഞ്ജലീനയെ ഏറ്റവും ആദരണീയ കുലീനയായി തെരഞ്ഞെടുത്തത്. ബ്രാഡ് പിറ്റാണ് ആഞ്ജലീനയുടെ ഭര്‍ത്താവ്.

പോയവര്‍ഷത്തെ സമാധാന നോബല്‍ജേത്രിയും പതിനേഴുകാരിയുമായ മലാലാ യൂസുഫ്സായി, അമേരിക്കന്‍ വനിത ഹില്ലരി ക്ളിന്റണ്‍, എലിസബത്ത് രാജ്ഞി, മിഷേല്‍ ഒബാമ, ആംഗലാ മെര്‍ക്കല്‍ എന്നിവരെ പിന്തള്ളിയാണു മുപ്പത്തിയൊന്‍പതുകാരിയായ ആഞ്ജലീന ഒന്നാമതെത്തിയത്. ലോകത്തുടനീളം 23 രാജ്യങ്ങളിലായി 25,000 പേരാണു സര്‍വേയില്‍ പങ്കെടുത്തത്.

പട്ടികയിലെ ആദ്യത്തെ പത്തില്‍ മലാല രണ്ടാമതും ഹില്ലരി ക്ളിന്റണ്‍ മൂന്നാമതും എലിസബത്ത് രാജ്ഞി, മിഷേല്‍ ഒബാമ എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുമെത്തി. ഹോളിവുഡ് ഗായിക സെലിന്‍ ഡിയോണ്‍ ആറാമതും ഓപ്പറാ വിന്‍ഫ്രി ഏഴാമതും ജൂലിയ റോബര്‍ട്സ് എട്ടാമതും ബര്‍മ നേതാവ് ആംഗ്സാന്‍ സ്യുകി ഒമ്പതാമതും ജര്‍മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍ക്കല്‍ പത്താം സ്ഥാനവും നേടി.

യുപിഎ അധ്യക്ഷയായ സോണിയഗാന്ധി പതിമൂന്നാം സ്ഥാനത്തും ലിറ്റില്‍ ടെയ്ലര്‍ സ്വിഫ്റ്റ് (11), ബിയോണ്‍സ് നോവല്‍സ് (12) ജന്നിഫര്‍ ലോറന്‍സ്(14), വില്യം രാജകുമാരന്റെ പത്നി കേറ്റ് മിഡില്‍ടണ്‍(15) എന്നിവരാണു മറ്റു സ്ഥാനങ്ങളില്‍.

ലോകത്തെ ഏറ്റവും ആദരണീയരായ പുരുഷന്മാരുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ ബില്‍ഗേറ്റ്സാണ്. വില്യം രാജകുമാരന്‍ അഞ്ചാമതും സഹോദരന്‍ ഹാരി എട്ടാമതും എത്തി. പരസ്യചിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇംഗ്ളീഷ് ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം പത്താം സ്ഥാനം കരസ്ഥമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍