ആദ്യ പരിഗണന യൂറോപ്പിനെന്നു ഗ്രീക്ക് ധനമന്ത്രി
Monday, February 2, 2015 9:49 AM IST
ഏഥന്‍സ്: യൂറോപ്പിന്റെ ഉന്നമനമാണു തന്റെ പ്രാഥമിക പരിഗണനയെന്നു ഗ്രീസിന്റെ പുതിയ ധനമന്ത്രി യാനിസ് വരോഫാകിസ്. കടക്കെണിയില്‍നിന്നു രാജ്യത്തെ മോചിപ്പിക്കാന്‍ കൂടുതല്‍ ധനസഹായം സ്വീകരിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഫ്രഞ്ച് ധനമന്ത്രി മിച്ചല്‍ സാപിനുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു വരോഫാകിസ്. ക്രെഡിറ്റര്‍മാരുമായി ഒത്തുതീര്‍പ്പിലെത്താന്‍ ഗ്രീസിനെ സഹായിക്കാമെന്നു സാപിന്‍ ഉറപ്പു നല്‍കി.

കടങ്ങളില്‍ പാതിയോളം എഴുതിത്തള്ളുമെന്ന വാഗ്ദാനവുമായാണ് ഇടതുപക്ഷ പാര്‍ട്ടി ഗ്രീസില്‍ അധികാരം പിടിച്ചെടുത്തത്. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത ഇവര്‍ക്കു പിന്തുണ നല്‍കുന്ന വലതുപക്ഷ പാര്‍ട്ടിയുടെ പ്രതിനിധിയാണു വരോഫാകിസ്.

315 ബില്യന്‍ യൂറോയാണ് ഇപ്പോള്‍ ഗ്രീസിനുള്ള കടം. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 175 ശതമാനം വരുമിത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍