കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭൈക്യ ചര്‍ച്ച റോമില്‍
Friday, January 30, 2015 10:12 AM IST
റോം: കത്തോലിക്കാ സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മില്‍ ദൈവശാസ്ര്തപരമായ ചര്‍ച്ചക്കുവേണ്ടിയുള്ള രാജ്യാന്തര കമ്മീഷന്‍ സെന്റ് പോള്‍സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രധാന കാര്‍മികത്വത്തിലും വിവിധ സഭാ പ്രതിനിധികളുടെ പങ്കാളിത്തത്തിലും ആരംഭിച്ചു.

താത്ത്വികചര്‍ച്ചയിലൂടെ സഭൈക്യം ഉണ്ടാകുന്നില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. കര്‍ത്താവ് രണ്ടാമതു വരുമ്പോഴും നമ്മള്‍ ചര്‍ച്ചയിലായിരിക്കും. വൈവിധ്യങ്ങളെ ഏകോപിപ്പിക്കുകയും അഭിപ്രായവ്യത്യാസങ്ങളെ അതിജീവിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ നേതൃത്വത്തിലാണു സഭൈക്യം സംഭവിക്കേണ്ടത്. എല്ലാ സഭകളും ഏക സുവിശേഷത്തിന്റെ ശുശ്രൂഷയിലാണെന്നും മാര്‍പാപ്പ പറഞ്ഞു.

കമ്മീഷന്റെ കഴിഞ്ഞ യോഗങ്ങളില്‍ സഭകളുടെ സ്വഭാവത്തെക്കുറിച്ചും ദൌത്യത്തെക്കുറിച്ചും നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ പൊതുധാരണയിലെത്തി ഒരു രേഖയ്ക്കു രൂപംകൊടുത്തിരുന്നു. ആദിമസഭയിലെ കൂട്ടായ്മ സമ്പ്രദായങ്ങളെക്കുറിച്ചുള്ള മറ്റൊരു രേഖക്ക് ഇക്കുറി അന്തിമരൂപം നല്‍കും.

കോപ്റ്റിക്, അര്‍മീനിയന്‍ കാതോലിക്കേറ്റുകള്‍, സിറിയന്‍, മലങ്കര, എത്യോപ്യന്‍, എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭകള്‍ എന്നിവയുമായാണു ചര്‍ച്ച. ഒരു ഓര്‍ത്തഡോക്സ് സഭയുടെ രണ്ടു പ്രതിനിധികള്‍ വീതം 14 പേരും കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് 14 പേരും ചേര്‍ന്ന് 28 പേരാണു കമ്മീഷനില്‍.

മലങ്കര സഭയെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ഡല്‍ഹി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ കമ്മീഷനില്‍ അംഗങ്ങളാണ്.