ഗ്രീസില്‍ വിധിയെഴുത്ത് ജനുവരി 25ന്
Saturday, January 24, 2015 4:10 AM IST
ഏഥന്‍സ്: ഗ്രീസില്‍ ജനുവരി 25ന് (ഞായര്‍) നടക്കുന്ന തെരഞ്ഞെടുപ്പിന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി. ഇടതുപക്ഷ പാര്‍ട്ടിയായ സൈറിസ വിജയം നേടുമെന്നാണ് അഭിപ്രായ സര്‍വേകളില്‍ വ്യക്തമാകുന്നത്.

അധികാരത്തിലെത്തിയാല്‍, യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുമെന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം യൂറോ സോണിനെയാകെ സ്വാധീനിച്ചിരിക്കുകയാണ്. കടക്കെണിയില്‍നിന്നു രക്ഷപ്പെടാന്‍ നല്‍കിയ രക്ഷാപാക്കേജിന് ഉപാധിയെന്ന നിലയിലാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതു പിന്‍വലിച്ചാല്‍ പാക്കേജ് പ്രകാരം വായ്പയായി നല്‍കിയ തുക ഉടന്‍ മടക്കി നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടും.

ഇങ്ങനെയൊരു സാഹചര്യത്തില്‍ ഗ്രീസ്, യൂറോ കറന്‍സിയില്‍നിന്നു പിന്‍മാറുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യം വരെ പ്രതീക്ഷിക്കാം. ഇനി ഗ്രീസ് പുറത്തുപോയാലും യൂറോ സോണിന് ഒന്നും സംഭവിക്കാനില്ലെന്ന നിലപാടിലാണു ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍.

എന്നാല്‍ ഗ്രീസ് പുറത്തുപോവണ്ട എന്ന അഭിപ്രായമാണ് ജന്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനുള്ളത്. ഗ്രീസിലെ ജനത ഇതിന് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നിരിക്കേ മെര്‍ക്കലിന്റെ ഇപ്പോഴത്തെ മനം മാറ്റം പല യൂറോ നേതാക്കളെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍