പാസ്പോര്‍ട്ട് റാങ്കിംഗ് ജര്‍മനിയുള്‍പ്പടെ അഞ്ചു രാജ്യങ്ങള്‍ ഒന്നാമത്; ഇന്ത്യക്ക് 74-ാം സ്ഥാനം
Saturday, January 17, 2015 10:31 AM IST
ബര്‍ലിന്‍: വിദേശ യാത്രകള്‍ക്കൊരുങ്ങുമ്പോള്‍ പലര്‍ക്കും ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ട് വീസ സംബന്ധിച്ചുള്ളതാണ്. വീസ നിഷേധിക്കപ്പെടുന്നതു കാരണം അവധിക്കാലം ആഘോഷങ്ങള്‍ പോലും മുടങ്ങിപ്പോയവരുണ്ട്.

ഈ പ്രശ്നങ്ങള്‍ തന്നെയാണ് സാധ്യതയുള്ളവര്‍ രണ്ടാമതൊരു പാസ്പോര്‍ട്ടിനു കൂടി ശ്രമിക്കാനും കാരണം. ഒരു പാസ്പോര്‍ട്ടിനു നിയന്ത്രണമുള്ള രാജ്യത്തിന് ചിലപ്പോള്‍ മറ്റൊരു പാസ്പോര്‍ട്ടിനു നിയന്ത്രണമുണ്ടായെന്നു വരില്ല.

നിയന്ത്രണം ഏറ്റവും കുറവുള്ള പാസ്പോര്‍ട്ടുകള്‍ ഏതെല്ലാം എന്ന അന്വേഷണം ചെന്നെത്തുന്നത് ഫിന്‍ലന്‍ഡ്, ജര്‍മനി, സ്വീഡന്‍, യുഎസ്, യുകെ എന്നിവിടങ്ങളിലാണ്. ഈ രാജ്യങ്ങളിലെ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 174 വ്യത്യസ്ത രാജ്യങ്ങളില്‍ തടസങ്ങള്‍ കൂടാതെ യാത്ര ചെയ്യാമെന്നതുകൊണ്ട് ആദ്യത്തെ റാങ്കിംഗ് ഈ രാജ്യങ്ങള്‍ക്കാണ്.

കാനഡയും ഡെന്‍മാര്‍ക്കുമാണ് രണ്ടാം സ്ഥാനത്ത്. ഇവിടുത്തെ പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ 173 രാജ്യങ്ങളില്‍ യാത്ര ചെയ്യാം. മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ബെല്‍ജിയം, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, സൌത്ത് കൊറിയ, ലക്സംബര്‍ഗ്, നെതര്‍ലാന്റ്സ്, പോര്‍ച്ചുഗല്‍, സ്പെയിന്‍ എന്നിവിടങ്ങളിലെ പൌരത്വമുള്ളവര്‍ക്ക് 172 രാജ്യങ്ങളില്‍ തടസമില്ലാതെ സന്ദര്‍ശനം നടത്താം.

ഓസ്ട്രിയ, അയര്‍ലന്‍ഡ്, നോര്‍വേ (171) എന്നീ രാജ്യങ്ങള്‍ നാലാം സ്ഥാനത്തും ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലാന്‍ഡ് (170) എന്നീ രാജ്യങ്ങള്‍ അഞ്ചാം സ്ഥാനത്തും നിലയുറപ്പിച്ചു.

നേപ്പാള്‍ 90-ാം സ്ഥനാത്തും പാലസ്തീന്‍ 91 ലും, പാക്കിസ്ഥാന്‍, സൊമാലിയ 92-ാം സ്ഥാനത്തും ഇറാക്ക് 93 ലും അഫ്ഗാനിസ്ഥാന്‍ 95 ലും നില്‍ക്കുന്നു.

ജിസിസി, യുഎഇ രാജ്യങ്ങളായ ഖത്തര്‍ 56 ലും ഒമാന്‍ 64 ലും നില്‍ക്കുന്നു. ബോട്സ്വാന, ഗാംബിയ എന്നീ രാജ്യങ്ങളിലെ പൌരന്മാര്‍ക്ക് 68 രാജ്യങ്ങള്‍ തടസം കൂടാതെ സന്ദര്‍ശിക്കാം.

ഇന്ത്യയുടെ റാങ്ക് 74-ാം സ്ഥാനത്താണ് 52 രാജ്യങ്ങളിലാണ് ഇന്ത്യാക്കാര്‍ക്ക് തടസം കൂടാതെ യാത്രചെയ്യാന്‍ സാധിക്കുന്നത്.പല കാര്യങ്ങളിലും ഇന്ത്യയോടു മത്സരിക്കുന്ന ചൈന ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കു പിന്നിലാണ്. 43 രാജ്യങ്ങള്‍ മാത്രമാണ് ചൈനക്കാര്‍ക്ക് വീസാ കൂടാതെ യാത്ര ചെയ്യാനാവുന്നത്.

അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ സഹായത്തോടെ റസിഡന്‍സ് ആന്‍ഡ് സിറ്റിസന്‍ഷിപ്പ് കമ്പനിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ട്നേഴ്സാണ് ഗ്ളാാേബല്‍ തലത്തില്‍ റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍