ഇറ്റാലിയന്‍ നാവികരെ വിട്ടയക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍
Friday, January 16, 2015 6:24 AM IST
ബ്രസല്‍സ്: കടല്‍ക്കൊല കേസില്‍ ഇന്ത്യയില്‍ വിചാരണ നേരിടുന്ന രണ്ട് ഇറ്റാലിയന്‍ നാവികരെ തിരിച്ചയക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നാവികരുടെ തടവ് മനുഷ്യാവകാശ ലംഘനമാണന്നു ചൂണ്ടിക്കാട്ടുന്ന പ്രമേയത്തില്‍ ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള തര്‍ക്കം ഉടന്‍ അവസാനിപ്പിക്കണമെന്നും പറയുന്നു. സംഭവം നടന്നത് അന്താരാഷ്ട്ര അതിര്‍ത്തിയിലായതിനാല്‍ കുറ്റമാരോപിക്കുന്ന ഇറ്റാലിയന്‍ നാവികരെ ഇറ്റലിയുടേയോ അന്താരാഷ്ട്ര കോടതിയുടേയോ പരിധിയില്‍ കൊണ്ടുവരണമെന്നും പ്രമേയം ആവശ്യപ്പട്ടു.

നിലവില്‍ രണ്ടു നാവികരും ഇന്ത്യയില്‍ തടവിലല്ല. നാവികരില്‍ ഒരാളായ മാസിമിലാനോ ലാത്തോറെ അനാരോഗ്യത്താല്‍ ചികില്‍സതേടി ഇറ്റലിയിലും സാല്‍വത്തോറെ ജിറോണ്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലുമാണ് കഴിയുന്നത്.

അതേ സമയം കോടതിയുടെ പരിഗണനയിലായ വിഷയമായതുകൊണ്ട് യൂറോപ്യന്‍ പാര്‍ലമെന്റിന് പ്രമേയം പാസാക്കാനുള്ള അവകാശമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

2012 ഫെബ്രുവരിയിലാണ് നാവികര്‍ മീന്‍പിടുത്തക്കാരായ രണ്ടു മലയാളികളെ വെടിവച്ചു കൊന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍