ഷാര്‍ളി എബ്ഡോ: പുതിയ പതിപ്പ് ചൂടപ്പംപോലെ വിറ്റഴിഞ്ഞു
Wednesday, January 14, 2015 6:29 AM IST
പാരീസ്: വിവാദം സൃഷ്ടിച്ച ഫ്രഞ്ച് വാരികയായ ഷാര്‍ളി എബ്ഡോയുടെ ഏറ്റവും പുതിയ ലക്കം ചൂടപ്പം പോലെ ഫ്രാന്‍സില്‍ വിറ്റഴിഞ്ഞു. കിയോസ്കിന്റെയും മാഗസിന്‍ ഷോപ്പുകളുടെയും മുന്നില്‍ തുറക്കുന്നതിനു മുമ്പുതന്നെ ആവശ്യക്കാരുടെ നീണ്ട നിരയായിരുന്നുവെന്ന് ഷോപ്പുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ജനുവരി 14ന് (ബുധന്‍) രാവിലെ ആറിന് വില്‍പ്പന തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ വാരികയുടെ സ്റോക്കു തീര്‍ന്നതായി ഷോപ്പുടമകള്‍ ബോര്‍ഡു തൂക്കിയത്, റിക്കാര്‍ഡ് വില്‍പ്പനയായി വാരികയുടെ ഉടമകള്‍ കണക്കാക്കുന്നു. 15 മിനിറ്റിനുള്ളില്‍ 450 കോപ്പികള്‍ വിറ്റഴിഞ്ഞതായി ഒരു ഷോപ്പുടമ പറഞ്ഞു. ആവശ്യക്കാരുടെ എണ്ണം കൂടിയതുകൊണ്ട് ഇനിയും രണ്ടു മില്യണ്‍ കോപ്പികള്‍ കൂടി അച്ചടിക്കേണ്ടി വരുമെന്നാണ് ഉടമകളുടെ പ്രാഥമിക കണക്കുകൂട്ടല്‍.

ലൂസ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന റെനാള്‍ഡ് ലൂസിയര്‍ എന്ന കാര്‍ട്ടൂണിസ്റാണ് മുഖചിത്രം വരച്ചിരിക്കുന്നത്. വിവാദ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച പാരീസിലെ മാസികയുടെ ഓഫീസിനുനെരെയുണ്ടായി ആക്രമണത്തില്‍ പത്രാധിപസമിതിയംഗങ്ങളും സെക്യൂരിറ്റിയും ഉള്‍പ്പെടെ 12 പേരെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഭീകരാക്രമണത്തില്‍ ഭയപ്പെട്ട് പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കാന്‍ വാരിക തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍