പാരീസില്‍ ഭീകരതയ്ക്കെതിരെ നടന്ന ഐക്യദാര്‍ഢ്യം ചരിത്രമായി
Monday, January 12, 2015 10:04 AM IST
പാരീസ്: പത്തു ലക്ഷത്തിലധികം ജനങ്ങള്‍ കൈകോര്‍ത്തു പിടിച്ചു പാരീസില്‍ നടത്തിയ സമാധാന റാലി ചരിത്രത്തിന്റെ താളുകളില്‍ ഇടംതേടി. ഭീകരതയ്ക്കെതിരെയുള്ള പുതിയ മുന്നേറ്റമായി റാലിയില്‍ പങ്കെടുത്ത 40 ലോകനേതാക്കള്‍ ഇതിനെ വിശേഷിപ്പിച്ചു. മൂന്നു ദിവസത്തെ ഭീകരാക്രമണത്തില്‍ മരണപ്പെട്ട 17 പേര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് റാലി പൂര്‍ത്തിയാക്കിയത്.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ്, ജര്‍മന്‍ ചാര്‍സലര്‍ അംഗല മെര്‍ക്കല്‍, ജര്‍മന്‍ ഉപചാന്‍സലര്‍ സീഗ്മാര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റീയോ റിന്‍സി, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബാസ്, ജോര്‍ദാന്‍ രാജ്ഞി റാനിയ അല്‍ അഹ്ദുള്ള, തുര്‍ക്കി പ്രധാനമന്ത്രി അഹമ്മദ് ദവ്തോഗുലു, റഷ്യന്‍-യുക്രെയ്ന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരന്നപ്പോള്‍ ലോകസമാധാനത്തിന്റെ വക്താക്കളായി ഇവര്‍ മാറുകയായിരുന്നു.

പാരീസിലേയ്ക്കു ലോകം കുടിയേറിയെന്നു മാത്രമല്ല ഇന്നു ലോകത്തിന്റെ തലസ്ഥാനമായി മാറിയിരിക്കുകയാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് പറഞ്ഞു. ഭീകരതയ്ക്കെതിരേ ഇത്തരം റാലികള്‍ ലണ്ടന്‍, മാഡ്രിഡ്, ന്യൂയോര്‍ക്ക്, കെയ്റോ, സിഡ്നി, സ്റോക്ഹോം, ടോക്കിയോ എന്നിവിടങ്ങളില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

റാലിയില്‍ പങ്കെടുത്തവര്‍ സ്വാതന്ത്യ്രം, അഭിപ്രായ സ്വാതന്ത്യ്രം എന്നിവയുടെ മഹത്വങ്ങള്‍ ഉദ്ധരിക്കുന്ന ബാനറുകള്‍ ഉയര്‍ത്തിയാണ് തങ്ങളുടെ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത്. ലോകനേതാക്കളടക്കം പങ്കെടുത്ത ബഹുജനമാര്‍ച്ചിനു വന്‍ സുരക്ഷയാണ് ഫ്രഞ്ച് പോലീസ് ഒരുക്കിയിരുന്നത്.

ഷാര്‍ളി എബ്ഡോ വാരികയുടെ ഓഫീസില്‍ ബുധനാഴ്ചയാണ് ഭീകരാക്രമണം നടന്നത്. പത്രാധിപരും കാര്‍ട്ടൂണിസ്റും മാധ്യമസ്ഥാപനം ഉടമയും അടക്കം 12 പേര്‍ ഭീകരരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടു.

ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ വിതുമ്പുന്ന മനസുമായി ലോകനേതാക്കള്‍ക്കൊപ്പം റാലിയുടെ മുന്‍നിരയില്‍ അണിനിരന്നപ്പോള്‍ കദനത്തിന്റെ കനല്‍ എരിയുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍