യു ട്യൂബ് തരംഗമാകാനൊരുങ്ങി 'ദി ബോസ്' ഷോര്‍ട്ട് ഫിലിം
Monday, January 12, 2015 9:56 AM IST
ലണ്ടന്‍: നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ യുകെ മലയാളി ജോബി വയലുങ്കല്‍ അണിയിച്ചൊരുക്കുന്ന പുതിയ ഷോര്‍ട്ട് ഫിലിം 'ദി ബോസ്' റിലീസിംഗിന് ഒരുങ്ങിക്കഴിഞ്ഞു.

പാലാ പ്രവിത്താനം സ്വദേശിയായ ജോബി, സിനിമ, സീരിയല്‍ രംഗത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി സംവിധായക രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. സെവന്‍ ആര്‍ട്സും സെന്‍ട്രല്‍ പിക്ചേഴ്സും ഉള്‍പ്പെടെയുള്ള പ്രമുഖ ബാനറുകളില്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. താലി, സ്വയംവരം, മിന്നുകെട്ട്, കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാര്‍ തുടങ്ങിയ പ്രശസ്ത സീരിയലുകളില്‍ സഹ സംവിധായകനായിരുന്നു. തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥയെ ആസ്പദമാക്കി 'പരമാര്‍ഥങ്ങള്‍' എന്ന എന്ന സീരിയലും അദ്ദേഹം ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് യുകെയിലെത്തിയ ജോബി ഒഴിവു സമയങ്ങളില്‍ തന്റെ കലാപരമായ കഴിവുകള്‍ പൊടിതട്ടിയെടുക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു.

ദി ബോസ് എന്ന ഈ ഷോര്‍ട്ട് ഫിലിം അദ്ദേഹത്തിന്റെ നാലാമത്തെ സംരംഭമാണ്. ചിത്രത്തിന്റെ ട്രെയിലര്‍ യു ട്യൂബില്‍ റിലീസായി കഴിഞ്ഞു. ഇതിന് മുമ്പ് ജോബിയുടെ തന്നെ 'ഐ ആം എലോണ്‍', 'ഹോളി സ്പിരിറ്റ്', 'ഐ ലവ് യു' തുടങ്ങിയ പ്രോജക്ടുകള്‍ യു ട്യൂബില്‍ ഹിറ്റുകളായിരുന്നു. അതുകൊണ്ട് തന്നെ ഇതും ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

ലണ്ടന്‍ നഗരത്തില്‍ നടക്കുന്ന ഒരു അധോലോക കഥയാണ് ദി ബോസിന്റെ ഇതിവൃത്തം. അധോലോക സംഘങ്ങളുടെ കുടിപ്പകയുടെ കഥ പറയുന്ന ദി ബോസില്‍ ഇന്ന് ലണ്ടന്‍ നഗരം ഭരിക്കുന്ന ബോസ് എന്നറിയപ്പെടുന്ന അധോലോക നായകനാണ് കേന്ദ്ര കഥാപാത്രം. ബോസിന് അവന്റേതായ നിയമങ്ങളും ശിക്ഷാവിധികളും ഉണ്ട്. അത് മാത്രമേ അവിടെ നടപ്പാക്കാന്‍ അവന്‍ അനുവദിക്കുകയുള്ളൂ. അതിനെ ആരെങ്കിലും എതിര്‍ത്താല്‍ കൊല്ലാന്‍ പോലും മടി കാണിക്കുകയുമില്ല. അതുകൊണ്ട് തന്നെ ലണ്ടന്‍ നഗരത്തിന്റെ പേടിസ്വപ്നമാണ് ഇന്ന് ബോസ്.

ഈ ഷോര്‍ട്ട് ഫിലിമിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ലണ്ടന്‍ നഗരത്തില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ പല പ്രതിസന്ധിഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ തോക്ക് ഉപയോഗിച്ചുള്ള ചിത്രീകരണം കണ്ടു ലണ്ടന്‍ പോലീസുകാര്‍ ചിത്രീകരണം നിര്‍ത്തിവയ്പ്പിക്കുക പോലുമുണ്ടായി. തുടര്‍ന്ന് ഇത് ഫിലിം ഷൂട്ടിംഗ് ആണെന്ന് മനസിലാക്കുകയും പൂര്‍ണമായി സഹകരിക്കുകയും ചെയ്യുകയായിരുന്നു.

ഇതിലെ പ്രധാനവേഷങ്ങള്‍ പലതും ചെയ്തിരിക്കുന്നത് ഇംഗ്ളീഷുകാര്‍ തന്നെയാണ്. ഹെന്‍ട്രി, ഡാരന്‍, ജെയ്ക്ക് തുടങ്ങിയവര്‍ മികച്ച അഭിനയം ആണ് കാഴ്ച വച്ചിരിക്കുന്നത്. നായികയായി വരുന്നത് സാം എന്ന നേപ്പാളി പെണ്‍കുട്ടിയാണ്. ബിനോയ് കണ്ണന്‍, ജിന്റോ ജോസ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.

റിപ്പോര്‍ട്ട്: ബിന്‍സു ജോണ്‍