ജര്‍മന്‍ മലയാളികള്‍ ഗാന ഗന്ധര്‍വന് എഴുപത്തിയഞ്ചാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
Sunday, January 11, 2015 7:10 AM IST
ബര്‍ലിന്‍: മലയാളി മനസില്‍ സംഗീതത്തിന്റെ സപ്തസ്വരങ്ങള്‍ മീട്ടി സപ്തവര്‍ണങ്ങളുടെ ഗാനമാലിക തീര്‍ക്കുന്ന കാവ്യകേരളത്തിന്റെ സ്വന്തം ദാസേട്ടന് എഴുപത്തിയഞ്ചാം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ജര്‍മനിയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യന്‍ ലളിത സംഗീതത്തിന്റെ വസന്തം വിരിയിക്കുന്ന സംഗീതാ ആര്‍ട്സ് ക്ളബിന്റെ നായകനും അനുഗ്രഹീത ഗായകനുമായ ജോണി ചക്കുപുരയ്ക്കലും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ആശംസകള്‍ക്കൊപ്പം പ്രാര്‍ഥനകളും നേര്‍ന്നത്. സംഗീതത്തിന്റെ സര്‍വസര്‍ഗധാരയും മലയാളത്തിന്റെ മാനസപുത്രന്റെ കണ്ഠതംബുരുവില്‍ ശ്രുതിയായി നിറഞ്ഞൊഴുകട്ടെയെന്ന് ക്ളബ് അംഗങ്ങള്‍ ആശംസിച്ചു.

ജോസ് പുതുശേരി (പ്രസിഡന്റ് കേരള സമാജം കൊളോണ്‍), ഡേവീസ് വടക്കുംചേരി (സെക്രട്ടറി, കേരള സമാജം കൊളോണ്‍), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി, കേരള സമാജം കൊളോണ്‍), ജോളി തടത്തില്‍ (ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍, ഡബ്ള്യുഎംസി), ജോസഫ് വെള്ളാപ്പള്ളില്‍ (പ്രസിഡന്റ് ഡബ്ള്യുഎംസി ജര്‍മന്‍ പ്രോവിന്‍സ്), ജോണ്‍ കൊച്ചുകണ്ടത്തില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

1940 ജനുവരി പത്തിന് അഗസ്റിന്‍ ജോസഫിന്റെയും എലിസബത്ത് ജോസഫിന്റെയും (ആലീസുകുട്ടി) മകനായി കൊച്ചിയിലാണ് കാട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ യേശുദാസ് ജനിച്ചത്.

എഴുപത്തിയഞ്ചിന്റെ നിറവില്‍ പൂത്തുലയുന്ന സംഗീതമായി മലയാളത്തിന്റെ നിറതിങ്കളായി, മലയാളികളുടെ അഭിമാനവും മുതല്‍ക്കൂട്ടുമായി മാറിയ ദാസേട്ടന് പിറന്നാള്‍ മംഗളങ്ങളും ജഗദീശ്വരന്റെ കൃപാകടാക്ഷവും സംഗീതാ ആര്‍ട്സ് ക്ളബിനൊപ്പം ജര്‍മന്‍ മലയാളി സമൂഹവും നേര്‍ന്നു.