ബോറടിച്ചതിന് കൊലപാതകം നടത്തിയ ജര്‍മനിയിലെ നഴ്സ് കുറ്റം സമ്മതിച്ചു
Friday, January 9, 2015 9:59 AM IST
ബര്‍ലിന്‍: നിരവധിയാളുകളുടെ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം നില്‍സ് എച്ച് എന്ന ജര്‍മന്‍ നഴ്സ് ഏറ്റെടുത്തു. ബോറടിച്ചപ്പോഴാണ് താന്‍ മുപ്പതോളം പേരെ കൊന്നതെന്ന് കോടതിയില്‍ ഇയാളുടെ കുറ്റസമ്മതം.

വടക്കന്‍ ജര്‍മനിയിലെ ബ്രെമ്മനടുത്തുള്ള ഡെല്‍മന്‍ഹോര്‍സ്റ് ക്ളിനിക്കില്‍ ചികിത്സയ്ക്കായി എത്തിയ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലും മറ്റു രണ്ടു രോഗികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിലും വിചാരണ നേരിടുമ്പോഴായിരുന്നു ഇയാള്‍ കൂടുതല്‍ ആളുകളെ കൊലപ്പെടുത്തിയെന്ന വിവരം പുറത്താകുന്നത്.

ഉത്തര ജര്‍മനിയിലെ ഓള്‍ഡന്‍ബര്‍ഗില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് നില്‍സിന്റെ വിചാരണ തുടങ്ങിയത്. മുപ്പത്തെട്ടുകാരന്റെ മുഴുവന്‍ പേര് ഇനിയും അധികാരികള്‍ പുറത്തുവിട്ടിട്ടില്ല.

ഇയാള്‍ 2003 നും 2005 നും ഇടയില്‍ മാരകമായ മരുന്ന് കുത്തിവച്ചാണ് എല്ലാവരെയും കൊന്നതെന്നും ഇയാള്‍ കോടതിയില്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ തനിക്കു പ്രത്യേക വൈദഗ്ധ്യമുണ്െടന്നാണ് അവകാശവാദം.

ഒരു മനഃശാസ്ത്രജ്ഞന്റെയടുത്ത് താന്‍ ഇത്രയും പേരെ കൊന്നുവെന്ന കാര്യം വെളിപ്പെടുത്തിയതനുസരിച്ച് മനഃശാസ്ത്രജ്ഞന്‍ വിവരം കോടതിയെ അറിയിക്കുകയായിരുന്നു. മുപ്പതോളം കേസുകളിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നതെങ്കിലും ഏകദേശം 150 പേരെയെങ്കിലും ഇയാള്‍ ഇത്തരത്തില്‍ കൊന്നിട്ടുണ്ടാകുമെന്നാണ് പ്രോസിക്യൂഷന്‍ കരുതുന്നത്.

2008-ല്‍ കൊലപാതക ശ്രമത്തിന് ശിക്ഷിക്കപ്പെട്ടയാളാണ് ഇയാള്‍. അന്നു നടത്തിയ കുറ്റത്തിന് ഏഴരവര്‍ഷത്തെ ശിക്ഷ കോടതി വിധിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍