മെര്‍ക്കല്‍ - കാമറൂണ്‍ ചര്‍ച്ച നിര്‍ണായകം
Wednesday, January 7, 2015 10:22 AM IST
ലണ്ടന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും തമ്മില്‍ നടത്താന്‍ പോകുന്ന കൂടിക്കാഴ്ച യൂറോപ്യന്‍ യൂണിയന്റെ ദീര്‍ഘകാല ഭാവിയെ സംബന്ധിച്ച് നിര്‍ണായകമാകുമെന്ന് വിലയിരുത്തല്‍.

യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്‍മാറാനുള്ള നീക്കത്തില്‍നിന്ന് ബ്രിട്ടനെ പിന്തിരിപ്പിക്കുക എന്ന സുപ്രധാന ദൌത്യം മെര്‍ക്കലിനു മുന്നിലുണ്ട്. അതേസമയം, യൂണിയനില്‍ തുടരാന്‍ തങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഉപാധികള്‍ ജര്‍മനിയെക്കൊണ്ട് അംഗീകരിപ്പിക്കുക എന്നതാണ് കാമറൂണിനു മുന്നിലുള്ള വെല്ലുവിളി.

എന്നാല്‍, ചര്‍ച്ചയുടെ മുഖ്യ അജന്‍ഡ ഇതൊന്നുമല്ലെന്നാണ് ഔദ്യോഗിക വിശദീകരണം. സാമ്പത്തിക വിഷയങ്ങളും യൂറോപ്യന്‍ യൂണിയന്‍ പരിഷ്കാരവുമായിരിക്കും പ്രധാന ചര്‍ച്ചാവിഷയമെന്നും പറയുന്നു. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ പരിഷ്കരണം എന്ന വിഷയത്തില്‍ മേല്‍പ്പറഞ്ഞതെല്ലാം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

ഭീകരവിരുദ്ധ നടപടികള്‍, എബോള വൈറസ് ബാധ നേരിടാനുള്ള നടപടികള്‍, ജി7 ഉച്ചകോടിക്കായുള്ള തയാറെടുപ്പ് എന്നിവയും ചര്‍ച്ചയില്‍ വിഷയമാകും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍