ലണ്ടനില്‍ കലാ സാഹിത്യ പ്രവര്‍ത്തകരുടെ കൂട്ടായ്മക്ക് തുടക്കമായി
Tuesday, January 6, 2015 7:49 AM IST
ലണ്ടന്‍: മലയാള സാഹിത്യ വേദി പ്രവര്‍ത്തകരും 'കട്ടന്‍ കാപ്പിയും കവിതയും' പ്രവര്‍ത്തകരും മുന്‍കൈയെടുത്ത് കലാ സാംസ്കാരിക സാഹിത്യ പ്രവര്‍ത്തകര്‍ക്ക് നിരുപാധിക സ്നേഹത്തില്‍ അടിയുറച്ച് സഹകരണത്തിനും അതിലൂടെ സമൂഹത്തിന്റെ ഉന്നമനത്തിനുതകുന്നതുമായ കൂട്ടായ്മക്ക് തുടക്കമിട്ടു.

ഏത് അസോസിയേഷനിലും സംഘടനയിലും പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ഈ സഹകരണപ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം. രാഷ്ട്രീയമോ, മതപരമോ മറ്റു സാമുദായിക സാമ്പത്തിക നിലവാരങ്ങളോ കൂട്ടായ്മയില്‍ പരിഗണനീയമാകുന്നില്ല. കലാകാരനും അവന്റെ സര്‍ഗശേഷിയും അതിനുള്ള പ്രയത്നവും മാനദണ്ഡമായി എടുത്തുകൊണ്ട് നിലനില്‍ക്കാന്‍ പോകുന്ന കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നത് മനസും ബുദ്ധിയും ഒരുപോലെ വിശാലമാക്കുന്നതിനും അതിലൂടെ യുകെയിലെ മലയാളികളുടെ സാംസ്കാരിക നിലവാരത്തിനു പുതിയ നിര്‍വചനത്തില്‍ ഊന്നിയ ദിശാസൂചിക നല്‍കലുമാണ്.

ഓരോ കലാകാരനും അവന്റേതായ രംഗത്തുള്ള മികവും അവഗാഹവും കൂട്ടായ്മയില്‍ പ്രകടിപ്പിക്കും. ഒരാള്‍ തന്റെ ജീവധാരയായ കലാരൂപം അവതരിപ്പിക്കുകയോ അതിനെക്കുറിച്ച് സംസാരിക്കുകയോ ചെയ്യുമ്പോള്‍ മറ്റുള്ള പ്രവര്‍ത്തകര്‍ സജീവ ശ്രദ്ധയുള്ള അസ്വാദകരോ ശ്രോതാക്കളോ ആയിരിക്കും. അവതരണത്തിനുശേഷം ചര്‍ച്ചകളും വിലയിരുത്തലുകളും ഉണ്ടാകും. ഇത് കലാകാരനു പുതിയ കാഴ്ചവട്ടങ്ങള്‍ തുറന്നുകൊടുക്കും. ഗൌരവമായി നടക്കുന്ന ആസ്വാദനം അവന്റെ സര്‍ഗശേഷിക്ക് ഊര്‍ജമാകും. തുടര്‍പരിപാടികളിലൂടെ ഈ പ്രക്രിയ തുടരുകയും അവബോധം എല്ലാവരിലും സൃഷ്ടിക്കപ്പെടുകയും ചെയ്യും. മാസത്തില്‍ ഒന്ന് എന്ന നിലയ്ക്ക് ഇടവേള ചുരുക്കി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പരിപാടിക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു ദേശീയ കൂട്ടായ്മയും ഉണ്ടാകും. മാത്രമല്ല പ്രതിമാസ പരിപാടികള്‍ യുകെയുടെ വിവിധ സ്ഥലങ്ങളില്‍ വച്ചായിരിക്കും നടത്തുക. അതിലൂടെ യുകെയിലെ എല്ലാ കലാ സാഹിത്യ പ്രവര്‍ത്തകരുടെയും സഹകരണം കൂട്ടായ്മയില്‍ ലഭ്യമാകും.

ഈസ്റ് ഹാമില്‍ നടന്ന യോഗത്തില്‍ റെജി നന്തിക്കാട്, പ്രിയവ്രതന്‍, മുരളീ മുകുന്ദന്‍, സിസിലി ജോര്‍ജ്, കമലാ മീര, ശശി കുളമട, ജോസ് ആന്റണി, മനോജ് ശിവ, സുഗതന്‍ തെക്കേപ്പുര, ഏബ്രഹാം വര്‍ക്കി മുരുകേഷ് പനയറ എന്നിവര്‍ സംബന്ധിച്ചു.

ഈസ്റ് ഹാമിലെ ഉദയ റസ്ററന്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ നിര്‍വാഹകന്‍ റെജി നന്തിക്കാട് സ്വാഗതം ആശംസിച്ചു. മുരളീമുകുന്ദന്‍ അധ്യക്ഷത വഹിച്ചു. മജീഷ്യനും പ്രശസ്ത ബ്ളോഗ് എഴുത്തുകാരനുമാണ് മുരളീ മുകുന്ദന്‍. 'കട്ടന്‍ കാപ്പിയും കവിതയും' പരിപാടിയുടെ മുഖ്യ പ്രവര്‍ത്തകന്‍ പ്രിയവ്രതന്‍ ശരാശരി മലയാളി സംഘടനയും ഈ കൂട്ടായ്മയും തമ്മിലുള്ള അന്തരം വ്യക്തമാക്കി. അതോടൊപ്പം തന്നെ കലാകാരന്മാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന, ആഗ്രഹിക്കുന്ന തരത്തിലുള്ള സഹായ സഹകരണങ്ങള്‍ കൊടുത്ത് വളര്‍ത്താന്‍ മലയാളി സംഘടനകള്‍ക്ക് കഴിയാത്തതിന്റെ കാരണം യാഥാര്‍ഥ്യ ബോധത്തോടെയും യുക്തിഭദ്രമായും വിശദീകരിച്ചു.

കലാകാരന്‍ ഒരേ സമയം തന്റെ സര്‍ഗചോദനയോടും സമൂഹത്തോടും കടമപ്പെട്ടിരിക്കുന്നു. ഇവകളുടെ താത്പര്യങ്ങള്‍ ചിലപ്പോള്‍ പരസ്പര വിരുദ്ധമായിരിക്കാം. ഇവയുടെ നടുവില്‍ നിന്നുകൊണ്ടും സര്‍ഗശേഷി നിലനിറുത്തി പുതിയതായവ നിരന്തരം ഉണ്ടാക്കുന്ന കലാകാരന്മാര്‍ അവര്‍ അര്‍ഹിക്കുന്ന തരത്തില്‍ മനസിലാക്കപ്പെടാതെ പോകുന്നത് ശോചനീയമാണ്. ഈ അവസ്ഥ മാറണമെന്നും അതിന് ആവശ്യമായത് എന്തെന്നും ഉള്ള ഒരു ചിന്ത ആയിരുന്നു മനോജ് ശിവയുടെ വാക്കുകള്‍.

തലമുറകള്‍ തമ്മിലുള്ള അന്തരം വര്‍ധിക്കവേ അന്യം നിന്നുപോകുന്ന മലയാളവും അതിന്റെ കാരണങ്ങളും കമലാ മീര വിലയിരുത്തി. കലാ സാഹിത്യ പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ഉള്ളില്‍ ആര്‍ജവം നിലനര്‍ത്തുമ്പോള്‍ സമൂഹം അവരെ അനുഗമിക്കുമെന്ന് മീര ഓര്‍മപ്പെടുത്തി.

അറുപതു കഴിഞ്ഞവരുടെ ഒരു കൂട്ടായ്മയില്‍ താനിന്നും വളരെ ഊര്‍ജ്ജസ്വലയായി പ്രവര്‍ത്തിക്കുന്നത് തന്റെ മനസിന്റെ ചെറുപ്പം നിലനിറുത്തിക്കൊണ്ട് പോകുന്നതിനാലാണ് എന്നും, അതാണ് തന്നെ നിരന്തരം എഴുതാന്‍ പ്രേരിപ്പിക്കുന്നത് എന്നും സിസിലി ആന്റി പറഞ്ഞു. അനുഭവ വിവരണങ്ങള്‍ മറ്റുള്ളവരില്‍ കൌതുകമുണര്‍ത്തി.

വിശ്വസിക്കുന്ന പ്രസ്ഥാനമോ ഉള്‍പ്പെടുന്ന മതമോ ഏതു തന്നെ ആയാലും മാനവികതയാകണം കൂട്ടായ്മയിലെ പ്രവര്‍ത്തകരെ ഒരുമിപ്പിക്കുന്ന ഘടകം എന്ന് ജോസ് ആന്റണി പറഞ്ഞു.

പതിനേഴാമത്തെ വയസില്‍ യുകെയില്‍ എത്തിയ കാലം മുതല്‍ ഇന്നോളം ഉള്ള മുപ്പത്തിയഞ്ചോളം കൊല്ലം യുകെയില്‍ നടന്ന കലാ സാഹിത്യ പ്രവര്‍ത്തനങ്ങളുടെയും നാടക അവതരണ പ്രവര്‍ത്തനങ്ങളുടെയും ഒരു അവലോകനം ശശി കുളമട നടത്തി.

പുതിയ കൂട്ടായ്മ സമൂഹത്തിനു നല്‍കുന്ന സൂചകം ഏതു ദിശയിലേക്ക് എന്ന് നിര്‍വചിക്കുന്നതായിരുന്നു സുഗതന്‍ തെക്കെപ്പുരയുടെ വാക്കുകള്‍. ചര്‍ച്ചകളില്‍ മുരുകേഷ് പനയറ പങ്കെടുത്തു.