ഘര്‍ വാപ്പസി ഇന്ത്യയുടെ തിളക്കം കെടുത്തുമെന്ന് യൂറോപ്യന്‍ മാധ്യമങ്ങള്‍
Monday, January 5, 2015 10:19 AM IST
ബര്‍ലിന്‍: വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ഭാരതത്തിലെ മറ്റു ഹിന്ദു വര്‍ഗീയ സംഘടനകളും ചേര്‍ന്നു ഘര്‍ വാപ്പസി എന്ന ഓമനപ്പേരില്‍ നടത്തുന്ന മതപരിവര്‍ത്തന പരിപാടിയെക്കുറിച്ച് ജര്‍മന്‍ മാധ്യമങ്ങള്‍ വിമര്‍ശനവുമായി രംഗത്തു വന്നു.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ ബലത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി മോദി അധികാരമേറ്റതിന്റെ നൂറുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ വെറുപ്പിച്ചുകൊണ്ട് ഹിന്ദു സംഘടനകള്‍ (വിഎച്ച്പി, ആര്‍എസ്എസ് സംഘപരിവാര്‍) അവരുടെ തനിനിറം കാണിച്ചുകൊണ്ടുള്ള പരിപാടികള്‍ ആവിഷ്കരിക്കുകയും അതിന്റെ പിന്നാലെ മതപരിവര്‍ത്തനത്തിലൂടെ മതന്യൂനപക്ഷങ്ങളുടെ സ്വകാര്യ സ്വാതന്ത്യ്രത്തിനുമേല്‍ അടിച്ചമര്‍ത്തല്‍ ശക്തിയെന്നപോലെ മതസ്വാതന്ത്യ്രത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള നിര്‍ബന്ധിതമായ മതംമാറ്റം പരിപാടി നടത്തുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് വന്‍ ഭീഷണിയായി ഉയരുമെന്നും മാധ്യമങ്ങള്‍ പ്രവചിക്കുന്നു.

ഭരണഘടനയുടെ ശ്രീകോവിലായ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഘര്‍ വാപ്പസിയുടെ പേരില്‍ അംഗങ്ങള്‍ പരാതികളായി ഉന്നയിച്ചപ്പോള്‍ ഇതിനെതിരെ ഭരണപക്ഷത്തു നിന്നുള്ള ബന്ധപ്പെട്ട മന്ത്രിമാരുടെ മറുപടികള്‍ തൃപ്തികരമല്ലെന്നു വാദിക്കുകയും പ്രധാനമന്ത്രിതന്നെ മറുപടി പറയണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ അഭ്യര്‍ഥിക്കുകയും ചെയ്തിട്ട് വാ തുറക്കാതിരുന്ന പ്രധാനമന്ത്രി മോദിയുടെ മൌനസമ്മതത്തെയും മാധ്യമങ്ങള്‍ വിമര്‍ശിച്ചത് ഏറെ പ്രാധാന്യത്തോടെയാണ് യൂറോപ്യന്‍ ജനത പോലും കാണുന്നത്.

130 കോടി ഇന്ത്യക്കാരുടെ പ്രതിനിധികളായി പാര്‍ലമെന്റിലെത്തിയവര്‍ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന നരേന്ദ്രമോദിയോട് ഉത്തരം ആരാഞ്ഞപ്പോള്‍ മിണ്ടാതെ ഒഴിഞ്ഞു മാറിയത് ഒരു ശരിയായ ഭരണ കര്‍ത്താവിന്റെ പദവിക്കു യോജിച്ചതല്ലെന്നും ചില മാധ്യമങ്ങള്‍ തറന്നു പറയുന്നു.

മൂന്നാം ലോകത്തെ രാജ്യമായി ഇന്ത്യയെ ചിത്രീകരിക്കുമ്പോഴും ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തെ ഏറെ പ്രശംസിക്കുന്ന മറ്റു ലോക രാജ്യങ്ങള്‍ വളരെ സംശയദൃഷ്ടിയോടെയാണ് മതപരിവര്‍ത്തന പരിപാടിയെ കാണുന്നത്.

ഇപ്പോള്‍ 82 ശതമാനം ഹിന്ദുക്കളുള്ള ഇന്ത്യയെ അധികം താമസിയാതെ നൂറു ശതമാനം ഹിന്ദുക്കളുള്ള രാജ്യമാകുമെന്ന വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാന്ധിയായുടെ പരാമര്‍ശവും മാധ്യമങ്ങള്‍ ചര്‍ച്ചാവിഷയമാക്കി.

ലോകരാഷ്ട്രങ്ങള്‍ എന്നും ആദരിക്കുന്ന, അദ്ദേഹത്തിന്റെ വചനങ്ങളിലെ നന്മകള്‍ എന്നും പ്രകീര്‍ത്തിക്കുന്ന മഹാത്മാ ഗാന്ധിയുടെ ജീവന്‍ തോക്കിന്‍ കുഴലിലൂടെ കവര്‍ന്ന നാഥുറാം ഗോഡ്സയെ ചരിത്രത്തിലെ വീരപുരുഷനാക്കി ചിത്രീകരിച്ച് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്ന നടപടിയും ലോക രാഷ്ട്രങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലായെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഇന്ത്യയുടെ ഇപ്പോഴുള്ള ഈ പോക്ക് ഭരണത്തിന്റെ അരാജകത്വത്തിലേയ്ക്കോ എന്നു പോലും സംശയിക്കുന്നു.

ഘര്‍ വാപ്പസി ഇന്ത്യയുടെ നിലനില്‍പ്പിന് ആപത്കരമാണ്. ഏതു മതത്തില്‍ വിശ്വസിക്കുന്നവരായാലും സമാധാനപ്രിയരായ ജനങ്ങളാണ് ഇന്ത്യാക്കാരെന്ന് പുറംലോകം വിശേഷിപ്പിക്കുമ്പോഴും മതത്തിന്റെ പേരില്‍ മൌലിക വിശ്വാസത്തിന്റെ പേരില്‍ ഭാരത ജനതയെ തമ്മിലടിപ്പിച്ച് രാജ്യത്ത് വര്‍ഗീയ വിഷം സിറിഞ്ചു ചെയ്യുന്ന സംഘടനകള്‍ എന്തായാലും രാജ്യത്തെ പിന്നോട്ടടിക്കുക മാത്രമല്ല രാജ്യത്തിന്റെ മനഃസാക്ഷിയെ ഇല്ലാതാക്കുകയും മതസൌഹാര്‍ദ്ദത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന വിശ്വരൂപ പ്രവര്‍ത്തിയായി മാറുമെന്നും ജര്‍മന്‍ മാധ്യമങ്ങളും പ്രവചിക്കുന്നത്, ഇന്ത്യയെ പുറംലോകത്തു നിന്നും നോക്കിക്കാണുന്നവരുടെ ആശങ്കയായി മാത്രം എഴുതി തള്ളാനാവുമോ ?

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍