യുകെ മലയാളിക്ക് ഒബിഇ പുരസ്കാരം
Saturday, January 3, 2015 11:01 AM IST
ലണ്ടന്‍: ബ്രിട്ടനിലെ ഒബിഇ പുരസ്കാര ജേതാക്കളുടെ കൂട്ടത്തില്‍ ഈ വര്‍ഷം ഒരു മലയാളിയും. ഓക്സ്ഫഡ് പ്രഫസര്‍ കെ. വേണുഗോപാലാണ് അപൂര്‍വ നേട്ടത്തിന് അര്‍ഹനാകുന്നത്.

ശാസ്ത്രലോകത്തിനു നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിനു തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിലെ പത്മ പുരസ്കാരങ്ങള്‍ക്കു തുല്യമാണ് യുകെയിലെ ഒബിഇ പുരസ്കാരം (ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍).

ഓക്സ്ഫഡ് ഷെയറിലെ കിഡ്ലിങ്ടണിലുള്ള ഏവിയന്‍ വൈറല്‍ ഡിസീസസ് പ്രോഗ്രാമിനു നേതൃത്വം നല്‍കുകയാണ് പ്രഫ. വേണുഗോപാല്‍ ഇപ്പോള്‍.

1976ല്‍ കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്നാണ് അദ്ദേഹം വെറ്ററിനറി ബിരുദം നേടുന്നത്. 1978ല്‍ എവിഎം പൂര്‍ത്തിയാക്കി. 1978ല്‍ അധ്യാപക ജീവിതം തുടങ്ങി. 1981ല്‍ വൈറോളജിയില്‍ പിജി ഡിപ്ളോമയും നേടി. പിന്നീട് വെറ്ററിനറി മെഡിസിനില്‍ പിഎച്ച്ഡിയും നേടി. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സസില്‍ പോസ്റ്റ് ഡോക്ടറല്‍ സയന്റിസ്റായി പ്രവര്‍ത്തിച്ച ശേഷമാണ് യുകെയിലേക്ക് കുടിയേറുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍