നിസ്വാര്‍ഥ സ്നേഹത്തിന്റെ ഗാഥയുമായി 'ഒരു മരത്തണലില്‍'
Monday, December 29, 2014 10:16 AM IST
ന്യൂഡല്‍ഹി : പക്ഷികളും മരങ്ങളും നിസ്വാര്‍ഥ സ്നേഹത്തിന്റെ ഗാഥകള്‍ നമ്മെ പഠിപ്പിക്കുകയാണ് 'ഒരു മരത്തണലില്‍' എന്ന കുട്ടികളുടെ നാടകത്തിലൂടെ. ജീവിതത്തില്‍ ബാല്യകാലം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ബാക്കിയുള്ള ജീവിതകാലം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതുതന്നെ ഈ കാലയളവിലാണ്. അപ്പൂപ്പന്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുത്ത കഥയില്‍, മനുഷ്യന്റെ സ്വാര്‍ഥത മൂലം ഒറ്റപ്പെട്ടുപോയ 'ഒരു മരത്തിനെ' കൂട്ടുകാരായ ടോളിക്കും യൂജിക്കും അവരുടെ കൂട്ടുകാരും പരിരക്ഷിക്കുന്നു.

പാലക്കാട് നവരംഗ് തീയറ്റെഴ്സ് ആണ് 'എ ഡിഫിക്കല്‍ട്ട് ഫ്രന്റ്ഷിപ്' എന്ന റഷ്യന്‍ കഥയെ ആസ്പദമാക്കി 50 മിനിറ്റ് നീണ്ടുനിന്ന നാടകം അവതരിപ്പിച്ചത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ബിരുദം നേടിയ ഗഗന്‍ ദീപ് ആണ് സംവിധായിക. അവതരണ മേല്‍നോട്ടം കണ്ണന്‍ പാലക്കാട് നിര്‍വഹിച്ചു.

ഡല്‍ഹി മലയാളി അസോസിയേഷന്‍, മയൂര്‍ വിഹാര്‍ ഫേസ്1 ഏരിയയുടെ മുപ്പതാമത് വാര്‍ഷിക, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കാര്‍ത്യായനി സാംസ്കാരിക കേന്ദ്രത്തില്‍ നടത്തിയ പരിപാടികളിലായിരുന്നു നാടകം അവതരിപ്പിച്ചത്. ചെയര്‍മാന്‍ ടി.കെ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ ഡിഎംഎ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് എ.ടി. സൈനുദിന്‍, ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, വൈസ് പ്രസിഡന്റ് സി. കേശവന്‍കുട്ടി, സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി ഫാ. സജി ഏബ്രഹാം, മദര്‍ റോസ്ലിന്‍, ഏരിയ സെക്രട്ടറി ശാന്തകുമാര്‍, ട്രഷറര്‍ പി.എന്‍ സദാനന്ദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഏരിയയിലെ കുട്ടികളുടെ വിവിധ നൃത്തങ്ങളായ രംഗപൂജയും കതിരു കതിരു കൊണ്ടുവായോ, നടന കേരളം എന്നിവയും സജി പി. രാജിന്റെ കര്‍ണന്‍ എന്ന കവിതയുടെ ആലാപനവും ഉണ്ടായിരുന്നു. സ്റ്റെഫിന്‍ ബാബുവിനും റിക്സണിനും അക്കാഡമിക് എക്സെലെന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡിഎംഎ. കേന്ദ്രകമ്മിറ്റി നടത്തിയ ഓണാഘോഷ പരിപാടികളില്‍ ഏരിയയില്‍ നിന്നും പങ്കെടുത്തവര്‍ക്കും കലാപരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്കും ഫലകങ്ങള്‍ നല്‍കി. ലക്കി ട്രോയിലെ വിജയികള്‍ക്ക് കേന്ദ്രകമ്മിറ്റി ട്രഷറാര്‍ പി. രവീന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സാമൂഹിക ക്ഷേമ കാര്യങ്ങളിലും ഡിഎംഎയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളിലും മികച്ച സേവനം കാഴ്ചവച്ച എം.വി.എന്‍. നമ്പ്യാര്‍, രാജഗോപാല്‍ എന്നിവരെ ചടങ്ങില്‍ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. യുവ എഴുത്തുകാരി ഇന്ദു സുധിയുടെ പാരിജാതം കവിതാ സമാഹാരവും ചടങ്ങില്‍ പ്രകാശനം ചെയ്തു.

റിപ്പോര്‍ട്ട്: പി.എന്‍ ഷാജി