ഏറ്റവും വേഗം കൂടിയ യാത്രാ വിമാനം വരുന്നു
Friday, December 19, 2014 10:09 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കാവുന്ന വിമാനം ബ്രിട്ടീഷ് കമ്പനിയായ റിയാക്ഷന്‍ എന്‍ജിന്‍ ലിമിറ്റഡ് വികസിപ്പിക്കുന്നു. നാലു മണിക്കൂര്‍ സമയം കൊണ്ട് ഭൂമിയില്‍ എവിടെയും എത്താന്‍ കഴിയുന്ന തരത്തിലാണ് ഈ വിമാനത്തിന്റെ വികസനം.

യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനമായ ബ്രസല്‍സില്‍ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്കുള്ള ദൂരമായ 16,734 കിലോമീറ്റര്‍ ഇപ്പോള്‍ ഒരു വിമാനം സഞ്ചരിക്കാന്‍ എടുക്കുന്ന സമയം 22 മണിക്കൂര്‍ 15 മിനിറ്റാണ്. ഇത് വെറും നാലു മണിക്കൂര്‍ കൊണ്ട് ചുരുക്കാം എന്നാണ് ബ്രട്ടീഷ് കമ്പനി റിയാക്ഷന്‍ എന്‍ജിന്‍ ലിമിറ്റഡ് പറയുന്നത്.

ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ 300 യാത്രക്കാരുമായി സഞ്ചരിക്കാവുന്ന വിമാനത്തിന്റെ വികസനമാണിത്. ഏതാണ്ട് ബഹിരാകാശ പേടകത്തിന്റെ രൂപവും ഭാവവുമാണ് വിമാനത്തിനള്ളത്. പറന്നുയരുന്നതും ഇറങ്ങുന്നതും സാധാരണ വിമാനം പോലെയാണ്. 0.01 സെക്കന്‍ഡില്‍ 1,000 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില മാറാന്‍ കെല്‍പ്പുള്ള എന്‍ജിനാണ് ഇതിന് ശകക്കതി പകരുന്നത്. 400 മെഗാവാട്ട് വൈദ്യുതി ഇതുവഴി ഉത്പാദിപ്പിക്കാം. വിമാനം പരീക്ഷണപറക്കലിന് ഉടന്‍ സജ്ജമാക്കുമെന്ന് കമ്പനി പറഞ്ഞു. ബഹിരാകാശ യാത്രകള്‍ക്ക് റോക്കറ്റിന്റെ സഹായമില്ലാതെ വിമാനം ഉപയോഗിക്കാന്‍ കഴിയുമോ എന്നതാണ് കമ്പനിയുടെ അടുത്ത പരീക്ഷണം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍