ബ്രിട്ടനില്‍ വനിതാ ബിഷപ്പിനെ വാഴിക്കുന്നു
Wednesday, December 17, 2014 10:04 AM IST
ലണ്ടന്‍: ബ്രിട്ടനിലെ ആംഗ്ളിക്കന്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ ബിഷപ്പിനെ വാഴിക്കുന്നു. സ്റോക്പോര്‍ട്ടില്‍ നിന്നുള്ള നാല്‍പ്പത്തിയെട്ടുകാരി ലിബി ലാനെയാണ് വനിതാ ബിഷപ്പായി ചെസ്റര്‍ രൂപതയില്‍ അധികാരമേല്‍ക്കുന്നത്.

1994 ലാണ് ഇവര്‍ പൌരോഹിത്യം സ്വീകരിക്കുന്നത്. പ്രശസ്തമായ മാഞ്ചസ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ളബിന്റെ അണിയറ സഹായി കൂടിയാണ് ലിബി ലാനെ.

സഭയുടെ 500 വര്‍ഷത്തെ ചരിത്രത്തിനുള്ളില്‍ ഇതാദ്യമായാണ് കന്യാസ്ത്രീകള്‍ക്കും ബിഷപ്പ് പദവിക്കുള്ള അവസരം ഉണ്ടാവുന്നത്.

നോര്‍ത്തേണ്‍ ഇംഗ്ളണ്ടിലെ യോര്‍ക്കില്‍ ചേര്‍ന്ന സഭാ സിനഡിന്റെ ഉന്നതാധികാരയോഗത്തിലാണ് പുതിയ തീരുമാനം. യോഗത്തില്‍ വോട്ടിംഗിലൂടെയാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. 2015 ല്‍ പ്രാവര്‍ത്തികമാക്കാനാണ് സിനഡ് തീരുമാനം. നവംബറില്‍ നടന്ന ജനറല്‍ സിനഡില്‍ തീരുമാനമായെങ്കിലും സഭയുടെ പരമാധികാരിയായ എലിസബത്ത് രാജ്ഞിയുടെ സ്ഥിരീകരണത്തെ തുടര്‍ന്നാണ് അന്തിമ പ്രഖ്യാപനം ഉണ്ടായത്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ കൂടിയ ജനറല്‍ സിനഡില്‍ ഇതുസംബന്ധിച്ച തീരുമാനത്തിന് പച്ചക്കൊടി ഉയര്‍ന്നിരുന്നു.

ബ്രിട്ടനില്‍ ഇനി സ്ത്രീകള്‍ക്കും ബിഷപ് പദവി നല്‍കാനുള്ള ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെ തീരുമാനത്തെ പ്രധാനമന്ത്രി കാമറോണ്‍ ചരിത്രപരം എന്ന് പ്രകീര്‍ത്തിച്ചു. ഇംഗ്ളണ്ടിനെ കൂടാതെ അമേരിക്ക, ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലാണ് ആംഗ്ളിക്കന്‍ സഭ നിലവിലുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍