ഇറാക്കിലേയ്ക്ക് പട്ടാളത്തെ അയക്കാന്‍ ജര്‍മന്‍ മന്ത്രിസഭയുടെ അംഗീകാരം
Wednesday, December 17, 2014 10:02 AM IST
ബര്‍ലിന്‍: ഇറാക്കിലെ ഐഎസ് ഭീകരര്‍ക്കെതിരെ പോരാടുന്ന കുര്‍ദ്ദുകളെ സഹായിക്കാന്‍ ജര്‍മനി നൂറു പട്ടാളക്കാരെ ഇറാക്കിലേയ്ക്ക് അയക്കാനുള്ള തീരുമാനത്തിന് ജര്‍മനിയിലെ മെര്‍ക്കല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ജര്‍മന്‍ വിദേശകാരമന്ത്രി ഫ്രാങ്ക് വാള്‍ട്ട് സ്റൈന്‍മയറും, ജര്‍മന്‍ പ്രതിരോധമന്ത്രി ഉര്‍സുല ഫൊണ്‍ ഡെര്‍ ലെയനും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ച പ്രതിരോധമന്ത്രിയുടെ അഭ്യര്‍ഥനയെ വിദേശകാര്യമന്ത്രി പിന്താങ്ങുകയും മറ്റു മന്ത്രിസഭാംഗങ്ങള്‍ ഏകകണ്ഠമായി ശരിവയ്ക്കുകയുമായിരുന്നു. അടുത്ത ജനുവരിയില്‍ കൂടുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇക്കാര്യത്തിന് പാര്‍ലമെന്റ് പച്ചക്കൊടി കാട്ടും. ഭരണകക്ഷിയായ വിശാലമുന്നണിയ്ക്ക് പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷമുള്ളതുകൊണ്ട് അംഗീകാരത്തിന് യാതൊരുവിധേനയും തടസമുണ്ടാവില്ല.

ഇറാക്കിലെ ഐഎസ് ഭീകരകര്‍ക്ക് എതിരായ നീക്കത്തിനുള്ള യുഎന്‍ പ്രമേയത്തെ അനുകൂലിക്കുന്ന അറുപതു രാജ്യങ്ങള്‍ക്കൊപ്പം ജര്‍മനിയും നിലകൊള്ളുമെന്ന് വിദേശകാര്യമന്ത്രി സ്റൈന്‍മയര്‍ കൂട്ടിച്ചേര്‍ത്തു. ഇറാക്കിലെ ഭീകരര്‍ക്കു നേതൃത്വം നല്‍കിയ ജര്‍മന്‍ ഇസ്ലാമിസ്റ് റെഡാ സെയാം കൊല്ലപ്പെട്ടതായി ജര്‍മന്‍ പത്രമായ സ്യൂഡ് ഡോയ്റ്റ്ഷെ സൈറ്റ്യൂംഗ് വെളിപ്പെടുത്തി. ഇയാള്‍ കുറെക്കാലം ബര്‍ലിനില്‍ താമസിച്ചിരുന്നതായും എന്നാലിപ്പോള്‍ ഇറാക്കിലെ ഭീകരരുടെ വിദ്യാഭ്യാസമന്ത്രിയുമായി പ്രവര്‍ത്തിക്കുകയുമാണെന്നു പത്രം വെളിപ്പെടുത്തി.

നേരത്തെ ജര്‍മനി 70 മില്യന്‍ യൂറോ വിലയുള്ള യുദ്ധോപകരണങ്ങള്‍ ഇറാക്കിലേയ്ക്ക് അയച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍