ജനറിക് കാന്‍സര്‍ മരുന്നിനെതിരേ ബയര്‍ നല്‍കിയ അപ്പീല്‍ ഇന്ത്യന്‍ കോടതി തള്ളി
Tuesday, December 16, 2014 10:16 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ മരുന്നു നിര്‍മാണ ഭീമന്‍മാരായ ബയര്‍ ഇന്ത്യന്‍ ജനറിക് മരുന്ന് വിതരണം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ത്യന്‍ കോടതി തള്ളി. കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിവരുന്ന നെക്സാവര്‍ എന്ന മരുന്നിന്റെ ഇന്ത്യന്‍ പതിപ്പ് പല മടങ്ങ് വില കുറച്ചാണ് ഇന്ത്യന്‍ കമ്പനി നല്‍കുന്നത്. ഇതു തടയണമെന്നായിരുന്നു ബയറിന്റെ ആവശ്യം.

ബയറിന്റെ മരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം മൂന്നര ലക്ഷം രൂപയോളമാണ് ഇതിനു ചെലവു വരുന്നത്. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ഇതു താങ്ങാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

കോടതിവിധി പഠിച്ച ശേഷം അടുത്ത നടപടി തീരുമാനിക്കുമെന്ന് ബയര്‍ വ്യക്തമാക്കി. വിധി നിരാശാജനകമെന്നാണ് പ്രതികരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍