അനുഗ്രഹങ്ങള്‍ പെരുമഴയായി; അഗ്നി അഭിഷേകത്താല്‍ ജ്വലിച്ച് വിശ്വാസികള്‍
Monday, December 15, 2014 10:11 AM IST
ബര്‍മിംഗ്ഹാം: അതിശൈത്യം അവഗണിച്ചു ദേശക്കാര്‍ ഒരുമിച്ചുകൂടി ബര്‍മിംഗ്ഹാം അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ അനുഗ്രഹങ്ങളുടെ പെരുമഴ.

ഇംഗ്ളണ്ടിലെ കത്തോലിക്കാ സഭയ്ക്ക് തന്നെ അഭിമാനകരമായി ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററും രണ്ടു പന്തലുകളും നിറഞ്ഞു കവിഞ്ഞു വിശ്വാസികള്‍ തടിച്ചു കൂടിയപ്പോള്‍ സെഹിയോന്‍ യുകെ വിശ്വാസ പ്രഘോഷണത്തിന്റെ പുത്തന്‍ ചരിത്രം കുറിച്ചു.

രാവിലെ 6.30 ന് വന്നവര്‍ക്കുപോലും ബഥേല്‍ സെന്ററില്‍ കാര്‍ പാര്‍ക്കിംഗ് ലഭിച്ചില്ല. എട്ടിന് ജപമാല ആരംഭിച്ചപ്പോള്‍ തന്നെ പ്രധാന ഹാള്‍ തിങ്ങി നിറഞ്ഞു. തുടര്‍ന്നു വന്നവരെ പന്തലിലേക്ക് പറഞ്ഞയക്കാന്‍ സെഹിയോന്‍ വോളന്റിയേഴ്സ് ശ്രമിച്ചെങ്കിലും എങ്ങനെയും പ്രധാന ഹാളില്‍ കയറി പറ്റാനുള്ള ശ്രമത്തിലായിരുന്നു വിശ്വാസികള്‍. 3000 സീറ്റിംഗ് ഉണ്ടായിരുന്ന പ്രധാന കണ്‍വന്‍ഷന്‍ ഹാള്‍ എട്ടിനുതന്നെ മലയാളികളുടെ കൃത്യനിഷ്ഠയുടെ മകുടോദാഹരണമായി. സ്കോട്ട് ലാന്‍ഡ് മുതല്‍ പ്ളിമത്ത് വരെയുള്ള സ്ഥലങ്ങളില്‍ നിന്നും അതിരാവിലെ കോച്ചുകളില്‍ വന്നവര്‍ 7.30 നു മുമ്പേ പ്രധാന ഹാളില്‍ സ്ഥലം പിടിച്ചു. ഹോട്ടലുകളിലും ബന്ധുമിത്രാദികളുടെ ഭവനങ്ങളിലും തങ്ങിയവര്‍ എത്തിയപ്പോള്‍ പ്രധാന ഹാളില്‍ സ്ഥലം ലഭിച്ചില്ല.

ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ മലയാളത്തില്‍ വചന ശുശ്രൂഷകള്‍ നടത്തിയപ്പോള്‍, ഫാ. സിറില്‍ ഇടമനയുടെ ഇംഗ്ളീഷില്‍ ഉള്ള തര്‍ജ്ജിമ പ്രശംസനീയമായി. ശൈത്യം അവഗണിച്ച് കണ്‍വന്‍ഷന്‍ വേദിക്ക് പുറത്ത് പാര്‍ക്കിംഗ് സൌകര്യത്തിനായി ദിശ കാണിക്കാന്‍ നിലകൊണ്ട സെഹിയോന്‍ വോളന്റിയേഴ്സിന്റെ പ്രവര്‍ത്തനം മറ്റേതു ശുശ്രൂഷയുടെയും മുക്തകണ്ഠം പ്രശംസക്ക് പാത്രമായി. മൂന്നു വേദികളിലായി വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കുട്ടികളുടെ ധ്യാനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. രാവിലെ എട്ടു മുതല്‍ കുട്ടികളുടെ ധ്യാനം ആരംഭിച്ചതിനാല്‍ മുതിര്‍ന്നവര്‍ക്ക് വചന ശുശ്രൂഷകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുകയും വിവിധ മേഖലകളില്‍ വിടുതല്‍ ശുശ്രൂഷകള്‍ക്ക് കൂടുതലായി സമയം ലഭിച്ചത് വിശ്വാസികള്‍ക്ക് ഗുണകരമായി.

പ്രധാന ഹാളിന്റെ നടപ്പാതകളിലും വരാന്തകളിലും ആളുകള്‍ തിങ്ങി നിറഞ്ഞതോടെ അള്‍ത്താരയുടെ സമീപത്തേക്ക് ആളുകളെ കൂടുതലായി ഇരുത്തിയെങ്കിലും ഉള്‍കൊള്ളാനാവാതെ ആയിരത്തഞ്ഞൂറിലധികം വിശ്വാസികള്‍ രണ്ടു പന്തലുകളിലായി ഇരുന്നു കണ്‍വന്‍ഷനില്‍ സംബന്ധിച്ചു. ദിവ്യ കാരുണ്യ പ്രദിക്ഷണവും വെഞ്ചരിപ്പു ശുശ്രൂഷകളും പന്തലിലും ചെന്നതോടെ വിശ്വസികള്‍ക്ക് ആശ്വാസമായി. ഇത്രയും ബൃഹത്തായ കണ്‍വന്‍ഷന് ചുക്കാന്‍ പിടിച്ചത് ഫാ.സോജി ഒലിക്കല്‍ ആയിരുന്നു. ഇതേ സമയം ഇരുപതിലധികം വൈദീകര്‍ ഉണ്ടായിരുന്നിട്ടും കുംബസാരത്തിന് നീണ്ട നിരതന്നെയായിരുന്നു. ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ.സോജി ഓലിക്കല്‍ എന്നിവരെ കൂടാതെ ഫാ. സിറില്‍ ഇടമന, ഫാ.സജി മലയില്‍ പുത്തന്‍പുര, ഫാ.മാത്യു ചൂരപൊയ്കയില്‍, ഫാ. ഏമോന്‍, ഫാ.ജോസ് അന്തിയാംകുളം, ഫാ.ജോണ്‍സണ്‍ അലക്സാണ്ടര്‍, ഫാ. ക്രിസ്റിഫെര്‍, ഫാ.ജോസഫ് വെമ്പാടുംതറ, ഫാ.ജോര്‍ജ് തെള്ളിയാങ്കന്‍, ഫാ.സിജു കുന്നക്കാട്ട് ഫാ.ബിജോയ്, ഫാ.അനില്‍ തോമസ്, ഫാ.ജോസഫ് കുട്ടിവയലില്‍, ഫാ.ജോസഫ് നവഫ്ടറ്റര്‍, ഫാ.സജി നീണ്ടൂര്‍, ഫാ.തോമസ് കുറ്റിക്കട്ടില്‍, ഫാ.ജോര്‍ജ് ചീരാംകുഴീ, ഫാ. മനോജ് പതിയില്‍, ഫാ.ഫ്രാന്‍സിസ് കൊച്ചുപാലിയത്ത്, ഫാ.ബോസ്കോ, എന്നിവര്‍ സജീവ പങ്കാളികളായിരുന്നു.

ദൈവീക ശ്രുശൂഷകളെ നിന്ദിക്കരുത്: ഫാ.സേവ്യര്‍ഖാന്‍

ബര്‍മിംഗ്ഹാം: ദൈവത്തിന്റെ വഴികള്‍ നിഗൂഡമാണെങ്കിലും ഒരു പ്രദേശത്തെ ദൈവീക ശ്രുശൂഷകള്‍ ശക്തിപ്പെടുമ്പോള്‍ അതിനെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ ആരാണെങ്കിലും അവരെ ദൈവം ഛിന്നഭിന്നമാക്കുവെന്നും പരിശുദ്ധാത്മാവിനെതിരായ യുദ്ധം ചെയ്യുന്നത് ദൈവീക കോപത്തിന് ഇരയാക്കുമെന്നും അഹങ്കാരം ദൈവം വെറുക്കപ്പെടുന്ന ഏറ്റവും വലിയ തിന്മായണെന്നും ഫാ.സേവ്യര്‍ഖാന്‍ വട്ടയില്‍ പറഞ്ഞു.

ബര്‍മിംഗ്ഹാമില്‍ നടന്ന രാജ്യാന്തര അഭിഷേകാഗ്നി കണ്‍വന്‍ഷനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം