യൂറോപ്പില്‍ ഫുഡ് അലര്‍ജി നിയമം പ്രാബല്യത്തില്‍
Saturday, December 13, 2014 10:45 AM IST
ബ്രസല്‍സ്: യൂറോപ്പിലാകമാനം ഫുഡ് അലര്‍ജി മുന്നറിയിപ്പ് നിയമം ഡിസംബര്‍ 13 ന് (ശനി) പ്രാബല്യത്തിലായി. യൂറോപ്യന്‍ യൂണിയനിലെ മുഴുവന്‍ റെസ്ററന്റുകള്‍ക്കും ടെയ്ക്ക് എവേകള്‍ക്കും ഇതു ബാധകം.

ഭക്ഷ്യ വസ്തുക്കളില്‍ അലര്‍ജിക്കു സാധ്യതയുള്ള എല്ലാത്തിലും മുന്നറിയിപ്പു നല്‍കുക എന്നതാണ് ഇതുവഴി പ്രധാനമായി ഉദ്ദേശിക്കുന്നത്. പരിപ്പുകള്‍, പാല്‍, ധാന്യം, കൊഴുപ്പില്ലാത്ത സോയ, ഗോതമ്പ്, മത്സ്യയിനങ്ങള്‍ തുടങ്ങി പതിനാല് ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ബേക്കറി, കഫേ, കെയര്‍ ഹോം തുടങ്ങിയ ഇടങ്ങളില്‍ നല്‍കുന്ന ഭക്ഷണത്തിനും പാക്ക് ചെയ്ത ഭക്ഷണത്തിനുമെല്ലാം ഇതു ബാധകമാവും. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷയും, തടങ്കലുമാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്.

യൂറോപ്പില്‍ ആകമാനം പതിനേഴു മില്യന്‍ ആളുകള്‍ക്ക് ഫുഡ് അലര്‍ജി ബാധിക്കുന്നു എന്നാണ് കണക്ക്. സൂപ്പര്‍ മാര്‍ക്കറ്റുകളിലെ പ്രീപാക്കേജ്ഡ് ഭക്ഷണ പൊതിയിലെ ലേബലുകളിലും വ്യക്തമായ അലര്‍ജി വിവരങ്ങള്‍ ഉണ്ടായിരിക്കണം.

അലര്‍ജിക്കാരെ പറ്റിക്കുന്ന ഏതെങ്കിലും ഘടകം ഉല്‍പ്പന്നത്തില്‍ ഉണ്ടെങ്കില്‍ പുതിയ നിയമത്തിന്റെ പ്രാബല്യത്തില്‍ (യൂറോപ്യന്‍ യൂണിയന്‍ കണ്‍സ്യൂമര്‍ നിയന്ത്രണ അഥോറിറ്റി ( ഇപിഎഫ്ഒ)യില്‍ ഉപഭോക്താക്കള്‍ക്കള്‍ക്ക് പരാതി നല്‍കാന്‍ അവകാശമുണ്ടായിരിക്കും.

പുതിയ നിയമത്തിന്റെ വെളിച്ചത്തില്‍ ഇന്ത്യയില്‍ നിന്നും യൂറോപ്പിലേയ്ക്കു ഇറക്കുമതി ചെയ്യുന്ന പ്രീപാക്കേജ്ഡ് ഭക്ഷണ സാധനങ്ങള്‍ക്കും മേലില്‍ ഉള്ളടക്ക വിവരങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദമായി രേഖപ്പെടുത്തിയിരിക്കണം. മുമ്പ് പച്ചക്കറിയിനങ്ങളായ മാങ്ങയും മറ്റും ഉള്‍പ്പെടുന്ന വസ്തുക്കള്‍ ഇയുവില്‍ നിരോധിച്ചതിനു പിന്നാലെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പക്ഷം കേരളത്തില്‍ നിന്നുള്ള ഭക്ഷണ സാധനങ്ങള്‍ യൂറോപ്പില്‍ കിട്ടാക്കനിയായേക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍