ദലൈ ലാമയെ കാണാന്‍ മാര്‍പാപ്പ വിസമ്മതിച്ചു
Saturday, December 13, 2014 10:24 AM IST
വത്തിക്കാന്‍സിറ്റി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനാനുമതി നിഷേധിച്ചു. ചൈനയുമായി തുടരുന്ന പ്രത്യേക സാഹചര്യമാണ് ഇതിനു കാരണമെന്ന് വിശദീകരണം.

ഇപ്പോള്‍ റോം സന്ദര്‍ശിക്കുന്ന ദലൈ ലാമ തന്നെയാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. വ്യക്തമായ കാരണങ്ങളാല്‍ ഇതു നിരാകരിക്കുകയായിരുന്നു എന്ന് വത്തിക്കാന്‍ വക്താവ്. ചൈനയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കാത്തതാണ് ഇതിനു കാരണമെന്ന് വിലയിരുത്തല്‍.

ലാമയെ മാര്‍പാപ്പ ബഹുമാനത്തോടെ തന്നെയാണ് കാണുന്നതെങ്കിലും തത്കാലം ഒരു നൊബേല്‍ ജേതാവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നില്ല എന്നാണ് വക്താവിന്റെ വിശദീകരണം. മാര്‍പാപ്പയെ കാണാന്‍ സാധിക്കാത്തതില്‍ ദലൈ ലാമയ്ക്കു നിരാശയുള്ളതായി അദ്ദേഹത്തിന്റെ വക്താവു പറഞ്ഞു. എന്നാല്‍, ബുദ്ധിമുട്ടൊന്നും സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. 2006 ല്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന ബനഡിക്ട് പതിനാറാമനുമായി ദലൈ ലാമ കൂടിക്കണ്ടിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍