രജതജൂബിലിയുടെ വെണ്‍ശോഭയില്‍ അലിക്ക് ഇറ്റലി
Friday, December 12, 2014 10:12 AM IST
റോം: ഇറ്റലിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ അലിക് ഇറ്റലി സില്‍വര്‍ ജൂബിലിയുടെ നിറവില്‍. ആഘോഷം മനോഹരമാക്കാന്‍ പ്രത്യേക ഉത്സവ കമ്മിറ്റി നിലവില്‍ വന്നു. റോമിലെ കനേഡിയന്‍ ദേവാലയ ഹാളില്‍ അലിക് പ്രസിഡന്റ് ജെയിംസ് മാവേലിയുടെ അധ്യക്ഷതയില്‍ കുടിയ പൊതുയോഗത്തില്‍ സെക്രട്ടറി സിബി കൊള്ളയില്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ഡിബിന്‍ അംബൂക്കന്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു.

തുടര്‍ന്ന് അലിക്കിന്റെ സ്ഥാപിത പ്രസിഡന്റ് ഗര്‍ബസിസ് ജെ. മുളക്കരയെയും മുന്‍ പ്രസിഡന്റ് തോമസ് ഇരുമ്പനെയും പൊന്നാട അണിയിച്ചു. യോഗത്തില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്ന മുന്‍ പ്രസിഡന്റുമാരായ സിബി മണി കുമാരമഗലം, ജോസ് വട്ടകൊട്ടയില്‍, ബിജോയ് കണ്ണൂര്‍ എന്നിവരുടെ ആശംസകള്‍ വൈസ് പ്രസിഡന്റ് ബെന്നി വെട്ടിയടാന്‍ യോഗത്തില്‍ വായിച്ചു.

2015 മേയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ നടത്താന്‍ പോകുന്ന അലിക് രജതജൂബിലിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ജെയിംസ് മാവേലി, ഗര്‍ബസിസ് മുളക്കര, തോമസ് ഇരുമ്പന്‍, ബെന്നി വെട്ടിയടാന്‍, സിബി കൊള്ളയില്‍ എന്നിവര്‍ നിലവിളക്ക് തെളിച്ച് നിര്‍വഹിച്ചു. ജൂബിലിയുടെ വിജയത്തിനായി ഗര്‍ബസിസ് ജെ. മുളക്കര മുഖ്യ രക്ഷാധികാരിയായും അലിക് പ്രസിഡന്റ് ആഘോഷ കമ്മിറ്റി ചെയര്‍മാനായും അഘോഷ കമ്മിറ്റി നിലവില്‍ വന്നു. തുടര്‍ന്ന് അലിക് പ്രസിഡന്റ് ജെയിംസ് മാവേലി ഇറ്റലിയിലെ പ്രത്യേകിച്ച് റോമില്‍ ഉള്ള മുഴുവന്‍ മലയാളികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിച്ചു.

പൊതുയോഗത്തിനൊടുവില്‍ ഗര്‍ബാസിസ് ജെ. മുളക്കര ക്രിസ്മസ് കേക്ക് മുറിക്കുകയും അംഗങ്ങള്‍ പരസ്പരം ക്രിസ്മസ് ആശംസിച്ച് കേക്ക് വിതരണം ചെയ്തു. യോഗത്തില്‍ കമ്മിറ്റി അംഗങ്ങളായ ഗോപകുമാര്‍, മേരി ഇരുമ്പന്‍, രാജു കള്ളികാടന്‍, സന്തോഷ്, ലിജോ ജോര്‍ജ്, സെബാന്‍ തെക്കെകര തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍