പാട്ടുകാരി കന്യാസ്ത്രീയുടെ ആദ്യ ആല്‍ബം മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു
Friday, December 12, 2014 10:11 AM IST
റോം: ടിവി റിയാലിറ്റി ഷോയിലൂടെ ലോക പ്രശസ്തയായ സിസ്റര്‍ ക്രിസ്റീന സ്കൂച്ചിയ തന്റെ ആദ്യ ആല്‍ബം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചു. അദ്ദേഹത്തെ നേരില്‍ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയപ്പോഴായിരുന്നു ഇത്.

സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രതിവാര ഓഡിയന്‍സിനിടെയാണ് ക്രിസ്റ്റീനയെ കാണാന്‍ മാര്‍പാപ്പ സമയം കണ്ടെത്തിയത്. ഹസ്തദാനം നല്‍കി അല്‍പ്പനേരം സംസാരിച്ചശേഷം പാട്ടുകള്‍ അടങ്ങിയ സിഡി അവര്‍ മാര്‍പാപ്പയ്ക്കു നല്‍കുകയായിരുന്നു.

ഒടുവില്‍ കര്‍ത്താവിന്റെ മണവാട്ടിതന്നെ 'ദ വോയ്സ്' ചരിത്രം തിരുത്തിയെന്നു മാത്രമല്ല യൂണിവേഴ്സല്‍ കമ്പനിയുമായി ഉടമ്പടിയുണ്ടാക്കി ആല്‍ബവും പുറത്തിറങ്ങി. ഈ ആല്‍ബത്തില്‍ പ്രശസ്ത ഗായിക മഡോണയും പാടുന്നുണ്ട്.

ഇറ്റലിയിലെ പ്രമുഖ റിയാലിറ്റി ഷോ ആയ 'ദ വോയ്സ്' എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ലോകം മുഴുവന്‍ കീഴടക്കിയ ഇറ്റാലിയന്‍ സിസ്റ്റര്‍ ക്രിസ്റ്റീന ലൂസിയയുടെ ആദ്യത്തെ ആല്‍ബം ആണിത്. വിജയതിലകം ചൂടിയ സിസ്ററിന്റെ ആലാപനം തീര്‍ത്തും ദൈവത്തിന്റെ വോയ്സായി ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ഗാനത്തിലൂടെ ഒഴുകിയെത്തി.

സംഗീതത്തിലൂടെ താന്‍ ഒരു സന്ദേശം നല്‍കുകയാണെന്നും ദൈവീക സൌന്ദര്യമാണ് തന്റെ പാട്ടിലൂടെ ധ്വനിക്കുന്നതെന്നും ഇരുപത്തഞ്ചുകാരിയായ സിസ്റ്റര്‍ പുരസ്കാരം വാങ്ങിയനേരം പ്രതികരിച്ചിരുന്നു. ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഓരോ നിമിഷവും തന്റെ ഹൃദയത്തിലൂടെ നന്ദിയുടെ സ്പന്ദനമാണ് നടത്തുന്നതെന്നും അതുകൊണ്ടുതന്നെ ഈ വേദി ദൈവതേജസുകൊണ്ടു നിറയുന്നതെന്നും പുരസ്കാരവളയില്‍ സിസ്റര്‍ ക്രിസ്റ്റീന പറഞ്ഞു. ദൈവത്തിനു വേണ്ടി മരിക്കുവോളം പാടാന്‍ തയാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിസ്ററിന്റെ സാന്നിധ്യംകൊണ്ട് 'ദ വോയ്സ്' ഷോയുടെ റേറ്റിംഗും കൂട്ടിയിരുന്നു.

ആദ്യമായിട്ടാണ് ഒരു കന്യാസ്ത്രി റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കാനെത്തിയത്. അതുകൊണ്ടുതന്നെ ലോകം കൌതുകപൂര്‍വം ഇവരെ വീക്ഷിച്ചിരുന്നു സിസ്റര്‍ ഗാനം ആലപിക്കുന്ന വിഡിയോ യുട്യൂബില്‍ വൈറലായി പടര്‍ന്നു. യുട്യൂബില്‍ നിറഞ്ഞതോടെ സിസ്ററിന് ലോകമെമ്പാടും ആരാധകരും ഉണ്ടായി.

സിസ്ററിന്റെ ഗാനാലാപന പ്രകടനത്തിന്റെ യൂട്യൂബ് വേര്‍ഷന്‍ ആറു കോടിയില്‍പ്പരം സന്ദര്‍ശകരാണ് ആസ്വദിച്ച് കമന്റെഴുതിയത്.സിസ്ററിന്റെ ഹിറ്റുകള്‍ ഇപ്പോഴും യൂട്യൂബിലൂടെ സോഷ്യല്‍ സൈറ്റുകള്‍ വഴി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഇറ്റാലിയന്‍ സഭാംഗമായ (ഉര്‍സുലീന്‍) സിസ്റര്‍ ഇപ്പോള്‍ മിലാനിലെ കമ്യൂണിറ്റിലാണ് വസിക്കുന്നത്. 2009 ല്‍ ബ്രസീലിലെ അഗതികളുമായുള്ള പരിപാലന ശുശ്രൂഷയില്‍ രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചതിനു ശേഷമാണ് കമ്യൂണിറ്റിയില്‍ ചേര്‍ന്നത്.

1990 ല്‍ വൂപ്പി ഗോള്‍ഡന്‍ബര്‍ഗ് പ്രധാന കഥാപാത്രമായി അവതരിപ്പിച്ച കോമഡി ചിത്രമായ സിസ്റര്‍ ആക്ട് എന്ന ഇംഗ്ളീഷ് സിനിമയ്ക്കുശേഷം ഇത്രയും ജനശ്രദ്ധയാകര്‍ഷിച്ച ഒരു യഥാര്‍ഥ സിസ്ററാണ് ക്രിസ്റീന.

റിപ്പോര്‍ട്ട്: ജോസ് കുമ്പിലുവേലില്‍