ലോകത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ജോലി ദാതാവ് ഗൂഗിള്‍
Friday, December 12, 2014 10:10 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലി എന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷകരമായ ജോലി എന്ന നിലയിലേക്ക് യുവ ഉദ്യോഗാര്‍ഥികള്‍ തിരിഞ്ഞിട്ടുണ്ട്.

ശമ്പളവും ബാങ്ക് ബാലന്‍സും നോക്കിയല്ല, കുടുംബവുമായി ഒന്നു ചേര്‍ന്ന് ജീവിക്കാനായില്ലെങ്കില്‍ എത്രവലിയ ശമ്പളമുള്ള ജോലി ലഭിച്ചിട്ടും കാര്യമില്ലെന്നാണ് ന്യൂജനറേഷന്റെ പുതിയ കാഴ്ചപ്പാട്. ഇതുകൊണ്ട് ന്യൂജനറേഷനെ തങ്ങളുടെ കമ്പനികളിലേക്ക് ആകര്‍ഷിക്കാന്‍ ലോക കമ്പനികള്‍ ശ്രമിക്കുന്നു. മെച്ചപ്പെട്ട ശമ്പളം, കുടുംബമായി താമസിക്കാനുള്ള സാഹചര്യം എന്നിവ പല വന്‍ കമ്പനികളും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍, ഏറ്റവും മികച്ചത് ഇന്റര്‍നെറ്റ് ഭീമന്‍ കമ്പനിയായ ഗൂഗിള്‍ ആണെന്ന് ഏറ്റവും പുതിയ പഠനം തെളിയിക്കുന്നു.

അമേരിക്കയിലെ ബ്രിട്ടണ്‍ കേന്ദ്രീകരിച്ചുള്ള വെബ്സൈറ്റായ ഗ്ളാസ്ഡോര്‍ ആണ് ലോകത്തില്‍ ഏറ്റവും സുഖകരമായി കുടുംബത്തോടൊപ്പം ജോലിചെയ്യാവുന്ന കമ്പനി ഏതാണെന്ന് സര്‍വേ നടത്തിയത്. ഇവരുടെ പഠനത്തില്‍ ഏറ്റവും മെച്ചപ്പെട്ട സേവനം നല്‍കുന്ന കമ്പനി ഗൂഗിള്‍ ആണെന്ന് കണ്െടത്തി. കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയാന്‍ ഗൂഗിള്‍ തങ്ങളുടെ ജോലിക്കാര്‍ക്ക് അവസരം ഒരുക്കുന്നു എന്നതാണ് ഇവര്‍ മുന്‍പന്തിയിലെത്താന്‍ പ്രധാന കാരണം. സ്ത്രീകള്‍ക്ക് പ്രസവാവധി കൊടുക്കുന്നതുപോലെ ഗര്‍ഭിണിയായ ഭാര്യമാരെ പരിചരിക്കാന്‍ പുരുഷ ജീവനക്കാര്‍ക്ക് ഗൂഗിള്‍ അവധി നല്‍കുന്നുണ്ട്. ഗൂഗിളിന് പിന്നില്‍ രണ്ടാംസ്ഥാനത്തെത്തിയ കമ്പനി മൈക്രോ ബ്ളോഗിംഗ് സൈറ്റായ ട്വിറ്റര്‍ ആണ്്. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് കമ്പനി ഫേസ്ബുക്ക് 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍