ഇന്ത്യയില്‍ മൊബൈല്‍ ബാങ്കിംഗ് വ്യാപകമാക്കുന്നു
Thursday, December 11, 2014 5:43 AM IST
ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ബാങ്കിംഗ് വ്യാപകമാക്കാന്‍ ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ ബാങ്ക് ഇടപാടുകാരേയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാങ്കിംഗ് നടത്താന്‍ പ്രേരിപ്പിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം.

ചെലവ് കുറഞ്ഞ മൊബൈല്‍ ബാങ്കിംഗ് പ്രോല്‍സാഹിപ്പിക്കാന്‍ നിരവധി നിര്‍ദേശങ്ങളാണ് റിസര്‍വ് ബാങ്ക് ഇന്നലെ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. പുതിയ അക്കൌണ്ട് എടുക്കുന്നവരോട് നിര്‍ബന്ധമായും മൊബൈല്‍ ബാങ്കിംഗിനുള്ള ഫോറം കൂടി പൂരിപ്പിച്ച് വാങ്ങണം. നിലവിലുള്ള അക്കൌണ്ട് ഉടമകളെ ഘട്ടം ഘട്ടമായി മൊബൈല്‍ ബാങ്കിംഗിലേക്ക് കൊണ്ടുവരണം. ഇന്ത്യയില്‍ 90 കോടി ആളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്െടങ്കിലും നാലു കോടി മാത്രമാണ് ഇപ്പോള്‍ മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നത്.

അക്കൌണ്ടിലെ പണം മറ്റൊരു അക്കൌണ്ടിലേക്കു മാറ്റാനും മറ്റൊരാള്‍ക്ക് പണം അയയ്ക്കാനും ബാലന്‍സ് അറിയാനും മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നതിലൂടെ ബാങ്കുകളിലെ തിരക്ക് കുറയ്ക്കാന്‍ സാധിക്കും. എടിഎമ്മുകളിലെ തിരക്കുകളും മൊബൈല്‍ ബാങ്കിംഗിനുള്ള പിന്‍ നമ്പര്‍ ഇടപാടുകാര്‍ക്ക് ബാങ്കില്‍ പോകാതെ കിട്ടാനും സൌകര്യം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നു. വികസന പ്രക്രിയയിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ ബാങ്കിംഗ് സിസ്റത്തില്‍ വരുത്തുന്ന മാറ്റങ്ങളും അത്ഭതപൂര്‍വ പുരോഗതിയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ജര്‍മന്‍ ബാങ്കിംഗ് സംഘടനയും ഹ്യദ്യമായി സ്വാഗതം ചെയ്തു. വിദേശ രാജ്യങ്ങളില്‍ നിന്നും സാധ്യമാകുന്ന ഈ മൊബൈല്‍ ബാങ്കിംഗ് പ്രവാസികള്‍ക്കും കൂടുതല്‍ പ്രയോജനപ്പെടും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍