അഴിമതി ഏറ്റവും കുറവ് ഡെന്‍മാര്‍ക്കില്‍; ഇന്ത്യയില്‍ കുറയുന്നതായും റിപ്പോര്‍ട്ട്
Thursday, December 4, 2014 9:52 AM IST
ബര്‍ലിന്‍: ലോകത്ത് അഴിമതി ഏറ്റവും കുറവുള്ള രാജ്യമായി ഡെന്‍മാര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചൈനയും ഇന്ത്യയും ടര്‍ക്കിയും അടക്കം അതിവേഗ വളര്‍ച്ച നേടുന്ന രാജ്യങ്ങളിലെല്ലാം അഴിമതി കുറയുന്ന പ്രവണതയാണ് കാണുന്നതെന്നും ഇതു സംബന്ധിച്ചു നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു.

ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ തയാറാക്കിയ കറപ്ഷന്‍ പെര്‍സെപ്ഷന്‍ ഇന്‍ഡക്സില്‍ ഡെന്‍മാര്‍ക്കിനു പിന്നില്‍ ന്യൂസിലാന്‍ഡ്, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, നോര്‍വേ എന്നീ രാജ്യങ്ങളാണ്. സ്വിറ്റ്സര്‍ലന്‍ഡും നോര്‍വേയും അഞ്ചാം സ്ഥാനം പങ്കുവച്ചു. സ്വിറ്റ്സര്‍ലന്‍ഡ് കള്ളപ്പണക്കാരുടെ ഡിപ്പോസിറ്റ് രാജ്യമാണെങ്കിലും അഴിമതിയുടെ കാര്യത്തില്‍ അഞ്ചിന്റെ നിറവിലാണ്.

അഴിമതിയുടെ കാര്യത്തില്‍ യൂറോപ്പില്‍ ഇറ്റലിയാണ് മുന്‍പന്തിയില്‍ എന്നാല്‍ ആഗോള തലത്തില്‍ 69-ാം സ്ഥാനത്തും ബള്‍ഗേറിയാ റൊമാനിയ, ഗ്രീസ് എന്നീ രാജ്യങ്ങള്‍ 31 -ാം സ്ഥാനത്തും നില്‍ക്കുന്നു.

ലോകത്താകമാനമുള്ള അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് 175 രാജ്യങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. യുഎസ് ഇതില്‍ ബാര്‍ബഡോസ്, അയര്‍ലന്‍ഡ് ഹോങ്കോംഗ് എന്നിവയ്ക്കൊപ്പം പതിനേഴാം സ്ഥാനം പങ്കുവയ്ക്കുന്നു. ചിലിയുടെ സ്ഥാനം 18 ആണ്. അഴിമതി ഏറ്റവും കൂടുതലുള്ള രാജ്യങ്ങളായി വിലയിരുത്തപ്പെടുന്നത് സോമാലിയയും വടക്കന്‍ കൊറിയയുമാണ്.

ജര്‍മന്‍ സമ്പദ് വ്യവസ്ഥയില്‍ അഴിമതി കാരണം ഈ വര്‍ഷം 250 ബില്യന്‍ യൂറോയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ പട്ടികയില്‍ 14-ാം റാങ്കിലാണ് ജര്‍മനി.

ജര്‍മനിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ വ്യവസായികള്‍ക്കും ഇടയിലാണ് കൈക്കൂലി വ്യാപകമായിട്ടുള്ളത്. സമ്പദ് വ്യവസ്ഥ മോശമാകുംതോറും ഈ പ്രവണത വര്‍ധിക്കുന്നുണ്ട്. മുമ്പത്തെ അപേക്ഷിച്ച് ജര്‍മനിയില്‍ കൈക്കൂലിയും പക്ഷപാതവും രാഷ്ട്രീയ ഇടപെടലുകളും കൂടുതലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍