മോറാന്‍ മോര്‍ ഇഗ്നോത്തിയോസ് അപ്രേം രണ്ടാമന്‍ വിയന്നയില്‍
Thursday, December 4, 2014 9:49 AM IST
വിയന്ന: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയും അന്ത്യോഖ്യയുടെയും കിഴക്കൊക്കായുടെയും പരിശുദ്ധ അപ്പസ്േതോലിക സിംഹാസനത്തില്‍ ഭാഗ്യമോടെ വാണരുളുന്ന മോറാന്‍മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ ഓസ്ട്രിയയില്‍ ശ്ളൈഹിക സന്ദര്‍ശനം നടത്തുന്നു.

കാലം ചെയ്ത ഇഗ്നാത്തിയോസ് സക്കാ ഒന്നാമന്റെ പിന്‍ഗാമിയായി 2014 മാര്‍ച്ച് 31 ന് പരിശുദ്ധ സൂന്നഹദോസ് മോര്‍ സിറില്‍ അപ്രേം കരിം മെത്രാപോലിത്തയെയേ ആഗോള സുറിയാനി സഭയുടെ തലവനായി തെരഞ്ഞെടുത്തത്.

2014 മേയ് 29 ന് അദ്ദേഹം പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവയായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു . സുറിയാനി സഭ അതിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പീഢനങ്ങള്‍ ഏറ്റുവാങ്ങുന്ന് കാലയളവില്‍ സധൈര്യം പത്രോസിന്റെ നൌകയെ നയിക്കുക എന്ന ദൌത്യവുമായാണ് അദ്ദേഹം മുന്നോട്ടു നിങ്ങുന്നത്.

ഡിസംബര്‍ നാലിന് (വ്യാഴം) വിയന്നയിലെത്തുന്ന പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ ഓസ്ട്രിയയിലെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതും സുറിയാനി ക്രൈസ്തവ സഭാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതുമാണ്. ഓസ്ട്രിയയിലെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

വിയന്നയിലെ സ്റ്റെഫാന്‍സ് ഫാടിങ്ങര്‍ പ്ളാറ്റ്സില്‍, സിറിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു സ്വന്തമായി ലഭിച്ച സെന്റ് എഫ്രേം പള്ളിയുടെ കൂദാശ കര്‍മ്മം പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ നിര്‍വഹിക്കും. വിയന്ന അതിരൂപത സുറിയാനി ഓര്‍ത്തഡോക്സ് സഭയ്ക്കു കൈമാറിയ മരിയ ഫൊം ബെര്‍ഗെ കാര്‍മല്‍ ദേവാലയമാണ് വിശുദ്ധ എഫ്രേംമിന്റെ നാമത്തില്‍ പുനര്‍ നാമകരണം ചെയ്താണ് കൂദാശ ചെയ്യുന്നത്. ഡിസംബര്‍ എഴിന് (ഞായര്‍) രാവിലെ 9.30 നാണ് കൂദാശ ശുശ്രൂഷ.

ഓസ്ട്രിയിലെ താമസത്തിനിടയില്‍ അദ്ദേഹം വ്യത്യസ്ത സഭാപിതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തുന്നതും ഓസ്ട്രിയന്‍ ഭരണാധികാരികളുമായുള്ള ചര്‍ച്ചയില്‍ സിറിയയിലും ഇറാക്കിലും നടക്കുന്ന പ്രാകൃതമായ നരഹത്യ അവസാനിപ്പി ക്കുന്നതിന് സഹായമാഭ്യര്‍ധിക്കുകയും ചെയ്യും. എട്ടിന് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിപ്പോകും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍