മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയെ വരവേല്‍ക്കാന്‍ വിയന്ന മലയാളി സമൂഹം
Tuesday, December 2, 2014 10:49 AM IST
വിയന്ന: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ദൃശ്യതലവനും പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്റെ 123-മത് പിന്‍ഗാമിയും അന്തിയോഖ്യായുടെയും കിഴക്കിന്റെയും പരി. അപ്പോസ്തോലിക സിംഹാസനത്തില്‍ വാണരുളുന്ന മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ വിയന്നയിലെത്തും.

പരി. പാത്രിയര്‍ക്കീസ് ബാവയ്ക്ക് ഗംഭീര വരവേല്‍പ്പ് നല്‍കാന്‍ വിയന്നയിലെ സെന്റ് മേരീസ് മലങ്കര യാക്കോബായ ഇടവകയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

വിയന്നയിലുള്ള സുറിയാനി സമൂഹത്തിന് പുതുതായി ലഭിച്ച ദേവാലയം ആശിര്‍വദിക്കുന്നതിനാണ് പരി. ബാവ വിയന്നയിലെത്തുന്നത്. ഡിസംബര്‍ നാലിന് വിയന്നയില്‍ എത്തിച്ചേരുന്ന ബാവ വിവിധ ഇടവകകളിലെ പരിപാടികളില്‍ പങ്കെടുത്തശേഷം ഡിസംബര്‍ എട്ടിന് മടങ്ങും. മലങ്കര സഭയേയും മലയാളി സമൂഹത്തെയും ഏറെ സ്നേഹിക്കുകയും വാത്സല്യത്തോടെ കരുതുകയും ചെയ്യുന്ന പരി. ബാവ വിയന്നയിലെ വിശ്വാസി സമൂഹത്തോടൊപ്പം ഡിസംബര്‍ ആറിന് (ശനി) രാവിലെ 10 മുതല്‍ 12 വരെ ചെലവഴിക്കും.

രജതജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന സെന്റ് മേരീസ് മലങ്കര യാക്കോബായ ഇടവകയില്‍ പരി. ബാവയുടെ കടന്നു വരവ്, ഇടവക ജനത്തെ സംബന്ധിച്ച് ചരിത്ര മുഹൂര്‍ത്തമാണെന്ന് ഇടവകയുടെ വികാരി ഫാ. ജോഷി വെട്ടിക്കാട്ടില്‍ പറഞ്ഞു. സിറിയയിലും ഇറാഖിലും ക്രൈസ്തവര്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ പരി.ബാവയുടെ നേതൃത്വത്തില്‍ ചെയ്തുവരുന്ന സാന്ത്വന സഹായങ്ങളില്‍ വിയന്നയും അണിചേരാന്‍ ഒരുങ്ങുകയാണ്. ഈ ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ വിയന്നയിലെ എല്ലാ മലയാളി സമൂഹത്തെയും സെന്റ് മേരീസ് മലങ്കര യാക്കോബായ ഇടവകയ്ക്ക് വേണ്ടി ഫാ. ജോഷി വെട്ടിക്കാട്ടില്‍ ക്ഷണിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി