വിശുദ്ധനാക്കിയവന്‍ വിശുദ്ധരുടെ മുമ്പില്‍ പ്രാര്‍ഥനയോടെ
Wednesday, November 26, 2014 10:12 AM IST
വത്തിക്കാന്‍സിറ്റി: ഭാരതകത്തോലിക്കാ സഭയ്ക്ക് പുതുതായി ലഭിച്ച വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെയും എവുപ്രാസ്യമ്മയുടെയും ഛായാച്ചിത്രത്തിനു മുമ്പില്‍ പ്രാര്‍ഥനാ നിമഗ്ധനായി നിന്ന ഫ്രാന്‍സിസ് മാര്‍പാപ്പായുടെ വിശ്വാസതീക്ക്ഷണ ഏവരേയും പ്രാര്‍ഥനാരൂപിയില്‍ ലയിപ്പിച്ചു.

നവംബര്‍ 23 ന് (ഞായര്‍) ചാവറയച്ചനേയും എവുപ്രാസ്യമ്മയേയും ഇറ്റാലിയന്‍കാരായ മറ്റു നാലുപേരെയും ഉള്‍പ്പടെ ആറുപേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരുടെ സിംഹാസനത്തിലേയ്ക്കു കൈപിടിച്ചിരുത്തിയത്. അതിന്റെ നന്ദിസൂചകമായി നവംബര്‍ 24 ന് സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ഇന്ത്യന്‍ സമൂഹം അര്‍പ്പിച്ച കൃതജ്ഞതാ ബലിക്കു മുമ്പായി മാര്‍പാപ്പാ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാണുകയും സന്ദേശം നല്‍കുകയും ചെയ്തു.

സന്ദേശം നല്‍കിയ ശേഷം, മാര്‍പാപ്പാ മാത്രം ദിവ്യബലിയര്‍പ്പിക്കുന്ന ബസലിക്കയിലെ ദിവ്യമായ അള്‍ത്താരയുടെ ഇരുവശത്തുമായി പ്രതിഷ്ഠിച്ചിരുന്ന വിശുദ്ധ ചാവറയച്ചന്റെയും (ഇടത്ത്), വി. എവുപ്രാസ്യമ്മയുടെയും (വലത്ത്) ഛായാച്ചിത്രത്തിനു മുമ്പില്‍ നിശബ്ദ പ്രാര്‍ഥനയുമായി പരിശുദ്ധ പിതാവ് കൂപ്പുകൈയോടെ നിന്നതിന് സാക്ഷ്യം വഹിച്ച ബസലിക്കയില്‍ സമ്മേളിച്ചിരുന്ന കര്‍ദ്ദിനാളന്മാരും മെത്രാന്മാരും വൈദികരും കന്യാസ്ത്രീകളും മന്ത്രിമാരും വിഐപികളും ഉള്‍പ്പടെ ഏതാണ്ട് ഏഴായിരത്തിലധികം വരുന്ന മലയാളി വിശ്വാസിഗണത്തെ ഏറെ സ്പര്‍ശിച്ചു. മാര്‍പാപ്പായുടെ മൌനപ്രാര്‍ഥനയുടെ നിറവില്‍ വിശ്വാസത്തിന്റെ തിരി ഏറെ പ്രകാശിച്ച നിമിഷങ്ങളായിരുന്നുവെന്ന് ബസലിക്കയിലെ കൃതജ്ഞതാബലിയില്‍ പങ്കെടുത്ത ഒട്ടനവധിപേര്‍ അഭിപ്രായപ്പെട്ടു. ഈ അത്യപൂര്‍വ ചടങ്ങിന് ലേഖകനും സാക്ഷ്യം വഹിക്കാന്‍ ഇടയായി.

സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ച ആഘോഷമായ കൃതജ്ഞതാബലിയില്‍ മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ളിമീസ് ബാവ, ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, സിഎംഐ സഭയുടെ പ്രിയോര്‍ ജനറാള്‍ റവ.ഡോ. പോള്‍ ആച്ചാണ്ടി, പോസ്റുലേറ്റര്‍ റവ.ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപും കര്‍ദിനാളുമായ ക്ളിമിസ് ബാവ സന്ദേശം നല്‍കി. സീറോ മലബാര്‍ ആരാധന ക്രമത്തിലുള്ള കൃതജ്ഞതാബലിയില്‍ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ എന്നിവയിലെ പ്രാര്‍ഥനകള്‍ ഉള്‍പ്പെടുത്തിയാണ് ദിവ്യബലി ധന്യമാക്കിയത്. റോമിലുള്ള സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ സമൂഹങ്ങളിലെ പ്രശസ്ത ഗായകരും വിവിധ സന്യാസിനീ, സന്യാസ സഭാംഗങ്ങളും വിവിധ രൂപതകളില്‍നിന്നുള്ള വൈദികരും വൈദിക വിദ്യാര്‍ഥികളും ഉള്‍പ്പെട്ട ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ ഭക്തിനിര്‍ഭരമാക്കി. 

ആഘോഷബലിയില്‍ സിഎംഐ പ്രിയോര്‍ ജനറല്‍ റവ.ഡോ. പോള്‍ ആച്ചാണ്ടി സ്വാഗതവും സിഎംഐ സുപ്പീരിയര്‍ ജനറല്‍ മദര്‍ സാങ്റ്റ കൃതജ്ഞതയും പറഞ്ഞു. ഫാ. നൈജു കളമ്പുകാട്ട് സിഎംഐ, മാസ്റര്‍ ഓഫ് സെറിമണീസ് ആയി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍