മഴയത്ത് മലയാളക്കര പോലെ വത്തിക്കാന്‍
Tuesday, November 25, 2014 8:20 AM IST
വത്തിക്കാന്‍ സിറ്റി: ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ എണ്ണായിരത്തിലധികം മലയാളികളാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുകൂടിയത്. വൈദികരും കന്യാസ്ത്രീകളും യൂറോപ്യന്‍ മലയാളികളും മറ്റു രാജ്യങ്ങളില്‍നിന്നു വന്ന മലയാളി തീര്‍ഥാടകരും ഉള്‍പ്പെട്ടു.

വന്നവരില്‍ പലരും ഇന്ത്യയുടെ ദേശീയ പതാകയും ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും ചിത്രങ്ങളും ഉയര്‍ത്തിപ്പിച്ചിടിച്ചിരുന്നു. കനത്ത മഴയെ അവഗണിച്ചും ചടങ്ങില്‍ പങ്കെടുക്കാന്‍ അവര്‍ തിങ്ങിക്കൂടി. ജര്‍മനിയില്‍നിന്നും സ്പെയിനില്‍നിന്നുമൊക്കെ ഒട്ടേറെ മലയാളികള്‍ എത്തിയിരുന്നു.

വിശുദ്ധ പദവിയിലേയ്ക്ക് ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും പേര് വിളിച്ചപ്പോഴെല്ലാം കരഘോഷമുയര്‍ന്നു. ചത്വരത്തില്‍ രണ്ട് പാട്ടുകളും ഒരു കാറോസൂസ പ്രാര്‍ഥനയും മലയാളത്തില്‍ തന്നെയാണ് ഉയര്‍ന്നത്. ചടങ്ങിന്റെ തുടക്കത്തിലും അവസാനഭാഗത്തിലുമായിരുന്നു പാട്ടുകള്‍. 45 അംഗ ഗായകസംഘത്തില്‍ വൈദികരും സന്ന്യാസിനികളും ഇറ്റലിയിലെ മലയാളികളുമുണ്ടായിരുന്നു. 'ആകാശമോക്ഷത്തിന്‍ കൃപയില്‍...ദൈവപിതാവിന്‍ മടിയില്‍', 'കാലമുയര്‍ത്തിയ നക്ഷത്രങ്ങള്‍' എന്നീ ഗാനങ്ങളാണ് പാടിയത്.

ഡോ. ചെറിയാന്‍ കുനിയന്തോടത്ത് എന്ന വൈദികന്‍ രചിച്ച ഗാനമാണ് 'കാലമുയര്‍ത്തിയ നക്ഷത്രങ്ങള്‍'. വിശുദ്ധ നാമകരണ ഗീതമായാണ് ഇത് ആലപിച്ചത്. 1986ല്‍ ചാവറയച്ചനെയും അല്‍ഫോന്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ചടങ്ങിലും കുനിയന്തോടത്തച്ചന്റെ ഗാനം ആലപിച്ചിരുന്നു. 'കേരളസഭയുടെ ദീപങ്ങള്‍, വിശുദ്ധ ചാവറ നിസ്തുല താതന്‍ വിശുദ്ധയാകും ഏവുപ്രാസ്യ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുള്ളത് അമല്‍ ആന്റണിയാണ്.

പ്രഫ. പി.ജെ കുര്യന്‍, ജോസ് കെ.മാണി എന്നിവരുള്‍പ്പെട്ട കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി സംഘം ഞായറാഴ്ചത്തെ ചടങ്ങിനെത്തിയിരുന്നു. മന്ത്രിമാരായ കെ.സി ജോസഫ്, പി.ജെ ജോസഫ്, എം.പി വിന്‍സെന്റ് എംഎല്‍എ എന്നിവര്‍ കേരളത്തെ പ്രതിനിധാനം ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍